പൂക്കാട് ട്രെയിനില്‍ നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു


പൂക്കാട്: ഇന്നലെ രാത്രി ട്രെയിനില്‍ നിന്ന് വീണ് അപകടാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. നല്ലളം സ്വദേശിയായ അല്‍ അമീന്‍ (22) നെയാണ് ഗുരുതരാവസ്ഥയില്‍ പൂക്കാട് റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയത്.

ഇയാളിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടനിലതരണം ചെയ്തതായാണ് വിവരം.

ഉത്സവപറമ്പുകളില്‍ കച്ചവടം നടത്തിയാണ് അല്‍ അമീന്‍ ഉപജീവനം നടത്തിയിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ നിന്നും അബദ്ധത്തില്‍ വീണത്. ദൃക്‌സാക്ഷികളായ മറ്റ് യാത്രക്കാര്‍ കൊയിലാണ്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് എസ്.ഐ. തങ്കരാജിന്റെ നേതൃത്വത്തില്‍ അഖില്‍, ഗംഗേഷ് എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് പൂക്കാട് ഭാഗത്തുനിന്നും യുവാവിനെ കണ്ടെത്തിയത്. അബോധാവസ്ഥയിലായ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു.