വെങ്ങളം മുതല്‍ മൂരാട് വരെ സര്‍വ്വീസ് റോഡിന് വീതി കുറവും, ഡ്രൈനേജ് സ്ലാബുകള്‍ പൊട്ടിപൊളിയുന്ന നിലയിലും; ഭാവിയില്‍ വന്‍ഗതാഗതപ്രശ്‌നങ്ങള്‍ വഴിവെക്കാന്‍ സാധ്യത


കൊയിലാണ്ടി: വെങ്ങളം മുതല്‍ മൂരാട് വരെ ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കവെ സര്‍വ്വീസ് റോഡുകളുടെ സ്ഥലപരിമിതി ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യത. ഏഴ് മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നിലവില്‍ തിരുവങ്ങൂര്‍, പൂക്കാട്, തിക്കോടി എന്നിങ്ങനെയുള്ള പ്രധാന ടൗണുകളിലടക്കം സര്‍വ്വീസ് റോഡിന് മൂന്ന് മൂന്നര മീറ്ററോളം വീതിയേ ഉള്ളൂ. ഇത് ഭാവിയില്‍ വലിയ ഗതാഗത പ്രശ്‌നങ്ങള്‍ വഴിവെക്കും.

വടകര-കൊയിലാണ്ടി, വടകര-പേരാമ്പ്ര, കൊയിലാണ്ടി-കോഴിക്കോട് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ സര്‍വ്വീസ് റോഡു വഴിയാണ് കടന്നുപോകേണ്ടത്. വീതി കുറഞ്ഞ ഭാഗങ്ങളില്‍ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റുമ്പോള്‍ പിന്നിലുള്ള വാഹനങ്ങള്‍ക്ക് മുമ്പിലേക്ക് കടന്നുപോകാന്‍ കഴിയില്ല. സര്‍വ്വീസ് റോഡില്‍ മിക്ക ഭാഗത്തും ഒരു വാഹനത്തെ മറ്റൊരു വാഹനത്തിന് മറികടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.


Also read: എന്ന് അവസാനിക്കും ഈ കാത്തിരിപ്പ്; ദേശീയപാത പണി ഇഴഞ്ഞുനീങ്ങുന്നു, സര്‍വ്വീസ് റോഡിന് വീതി കുറവ്, റോഡ് നിറയെ കുണ്ടും കുഴിയും, പൂക്കാട് മുതല്‍ വെങ്ങളം വരെ സ്ഥിരം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് യാത്രക്കാര്‍


എന്തെങ്കിലും തകരാറുകള്‍കൊണ്ട് സര്‍വ്വീസ് റോഡില്‍ വാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആവുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയില്ല.
സര്‍വ്വീസ് റോഡു കഴിഞ്ഞുള്ള ഡ്രെയ്‌നേജില്‍ സ്ലാബിട്ട് വാഹനഗതാഗതത്തിന് ഉപയോഗിക്കാമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എങ്കിലും ഇത് അപകടമുണ്ടാക്കുമെന്നത് ഇതിനകം തെളിയിക്കപ്പെട്ടതാണ്. മിക്കയിടങ്ങളിലും വാഹനങ്ങള്‍ കയറിയതിനെ തുടര്‍ന്ന് ഡ്രെയ്‌നേജ് സ്ലാബ് തകര്‍ന്നിട്ടുണ്ട്. വീതികുറഞ്ഞ ഭാഗത്ത് സ്ലാബ് തകര്‍ന്ന് ഏതെങ്കിലും വാഹനങ്ങള്‍ ഡ്രെയ്‌നേജിലേക്ക് വീണാല്‍ എടുത്തുമാറ്റാന്‍ ക്രെയിന്‍ കൊണ്ടുവരാന്‍ പോലും സൗകര്യമില്ലെന്നതാണ് വസ്തുത. സര്‍വ്വീസ് റോഡുകളില്‍ അപകടങ്ങളുണ്ടായാല്‍ ആംബുലന്‍സിന് പോലും കടന്നുവരാന്‍ വഴിയുണ്ടാവില്ല.

ഇതിന് പുറമേ പൂക്കാട് ടൗണ്‍ കഴിഞ്ഞ് തിരുവങ്ങൂര്‍ ടൗണ്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ കിഴക്ക് ഭാഗത്ത് സര്‍വ്വീസ് റോഡ് ഉണ്ടാവില്ല എന്നാണ് പറയുന്നത്. പ്രാദേശികമായ എതിര്‍പ്പുകള്‍ കാരണം സ്ഥലമേറ്റെടുക്കാന്‍ സാധിക്കാത്തതിനാലാണിത്. ഇതിന് തൊട്ടുമുമ്പുള്ള എന്‍ട്രി പോയിന്റില്‍ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ തിരുവങ്ങൂരിലെ എക്‌സിറ്റില്‍ ഇറങ്ങി സര്‍വ്വീസ് റോഡ് വഴി പോകേണ്ടിവരും. ഇതിനിടയിലുള്ള വെറ്റിലപ്പാറ ബസ് സ്റ്റോപ്പ് ഇല്ലാതാകും. പ്രദേശവാസികളെ സംബന്ധിച്ച് ഭാവിയില്‍ ഇത് വലിയ പ്രയാസങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. തിക്കോടി, അയനിക്കാട്, വെറ്റിലപ്പാറ, നന്തി എന്നിവിടങ്ങളില്‍ പുതിയ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ സമരരംഗത്തുണ്ട്.