പേരില്‍ മാത്രമാവുമോ നന്തി നാരങ്ങോളിക്കുളത്തിന്‍റെ കുളം? | കോടിക്കല്‍ ഡയറി – പി.കെ. മുഹമ്മദലി


പി.കെ. മുഹമ്മദലി

വെള്ളത്തിനടിയിലേക്ക് മുങ്ങി കണ്ണ് തുറന്നാല്‍ മരിച്ച് പോയ പ്രിയപ്പെട്ടവരെ കാണാനാവുമെന്നാണ് ഫഹദ് ഫാസില്‍ ‘അന്നയും റസൂലും’ സിനിമയില്‍ പറയുന്നത്. നാരോങ്ങോളിക്കുളത്തില്‍ പണ്ടൊക്കെ കുളിക്കുമ്പോള്‍ ചുമ്മാ ഫഹദിന്‍റെ ഈ ഡയലോഗ് ഓര്‍മ വന്നിരുന്നു. ഇന്ന് മരിച്ച ഒരു കുളത്തെ കാണാന്‍ ആരാണ് കണ്ണ് തുറക്കേണ്ടത് എന്ന ചോദ്യമാണ് നാരങ്ങോളി കുളത്തെ ജനങ്ങളുടെ ചോദ്യം.

കൊയിലാണ്ടി നന്തിയിലെ ഒരു ചെറിയ ഗ്രാമമാണ് നാരങ്ങോളികുളം. ഇവിടുത്തെ പ്രധാന കുളത്തിന്‍റെ പേരും അത് തന്നെ -നാരങ്ങോളി കുളം. ഈ പ്രദേശത്തിന്റെ നീരുറവയാണ് ഈ കുളം. കൊടും വേനലിൽ പോലും ഇവിടങ്ങളിലെ കിണറുകളെ വറ്റാതെ സൂക്ഷിച്ച നീരുറവ. പ്രദേശത്തെ എല്ലാവര്‍ക്കും പലതരത്തില്‍ ഉപയോഗമുള്ള കുളം.

ഈ കുളത്തിൽ കുട്ടിക്കാലത്തെങ്കിലും കുളിച്ച നൊസ്റ്റാള്‍ജിയ ഇല്ലാത്തവര്‍ നാരങ്ങോളിക്കുളത്ത് മാത്രമല്ല, സമീപ പ്രദേശങ്ങളിലും കുറവായിരിക്കും. നന്തി കോടിക്കല്‍ പ്രദേശത്തെ മിക്കവരും നീന്തല്‍ പഠിച്ചിട്ടുണ്ടാവുകയും ഈ കുളത്തിലാണ്.

എന്നാല്‍ ഈ കുളം ഇന്ന് നനുത്ത ഒരോര്‍മ മാത്രമാണ്. നിറയെ താമര വിരിഞ്ഞിരുന്ന വിശാലമായ കുളം ഇന്ന് മലിനമായ ഒരു ചളിക്കുഴി മാത്രമായി മാറിയിരിക്കുകയാണ്. കുളിക്കുക പോയിട്ട് ദേഹം നനയ്ക്കാന്‍ പോലും പറ്റാത്തത്രയും ഭീകരമായി മലിനപ്പെട്ടിരിക്കുന്നു. മലിനമായ കുളത്തില്‍ നിന്ന് ദുര്‍ഗന്ധം കൂടിയായപ്പോള്‍ സമീപ പ്രദേശത്തുള്ളവര്‍ക്കും ബുദ്ധിമുട്ടായി.Narangolikulam

പലകാരണങ്ങളുണ്ട് കുളത്തിന്‍റെ ഈ അവസ്ഥയ്ക്ക്. കാലവസ്ഥ ഒരു പ്രധാന ഘടകമാണ്. എന്നാല്‍ അതിനൊപ്പം സമീപ പ്രദേശങ്ങളിലുള്ളവര്‍ കുളത്തിലേക്ക് മാലിന്യം തള്ളുന്നതും അധികൃതര്‍ കുളത്തെ നവീകരിക്കാന്‍ നടപടിയെടുക്കാത്തതും കുളത്തിന്‍റെ നാശത്തിന് കാരണമായി.

കുളം നശിച്ചതോടെ പ്രദേശത്തെ കിണറുകളിലെല്ലാം വെളളത്തിന്റെ ഉറവ നഷ്ട്ടമാകുകയും മാലിന്യത്തിന്റെ അംശം വന്ന് ചേർന്നിട്ടുണ്ടെന്നുമാണ് പരിസരവാസികള്‍ പറയുന്നത്. മലിന ജലം ഒഴിവാക്കാൻ കഴിഞ്ഞ ദിവസം പഞ്ചായത്ത്,ബ്ലോക്ക് മെമ്പറുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ശ്രമിച്ചെങ്കിലും മലിന ജലം ഒഴുകാനുള്ള എല്ലാം വഴികളും മാലിന്യ കൂമ്പാരം കൊണ്ട് അടഞ്ഞുകിടക്കുകയാണ്. കുളത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാനും നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാവണമെന്ന് പ്രദേശത്തെ പൊതുപ്രവർത്തകൻ സി.എ റഹ്മാൻ പറഞ്ഞു.

കുളത്തിനെ കുറിച്ച് കഴിഞ്ഞ ദിവസം പ്രദേശത്തെ യുവ കവി ആയടത്തിൽ അനസ് എഴുതിയ കവിത വൈറലായത് ഈ കുളത്തെ നാട്ടുകാര്‍ എത്ര ഗൃഹാതുരത്വത്തോടെയാണ് കാണുന്നതെന്നതിന് തെളിവാണ്.

അനസ് ആയടത്തിന്‍റെ കവിത

‘അലക്കാതെയും
കുളിക്കാതെയും
ചെളിപിടിച്ചു
കറുത്തിരിക്കുന്നു
താളം തെറ്റിയ
ഭ്രാന്തിയെ പോലെ
നാരങ്ങോളി കുളം

മനസ്സാക്ഷിയില്ലാതെ-
യെറിഞ്ഞ അറപ്പുകൾ
ചീഞ്ഞു നാറിയിട്ടും
ഒലിച്ചു പോകാതെ
തല കുനിച്ചങ്ങനെ

നാട്ടുകാരിപ്പോഴും
പേരിനൊപ്പം
ചേർത്തുവെച്ചൊരാ-
പഴയ കുളം

ജീവിതം മടുത്ത്
കുടിച്ചുതീർത്ത
ലഹരിക്കുപ്പികൾ
അടിഞ്ഞുകൂടി,
നിലച്ചു
പോയതാണതിന്റെ
ഓവ് ചാലുകൾ

നനച്ചു കുളിച്ചും
നീന്തി കുളിച്ചും
അലക്കിവെളുപ്പിച്ച
തെളിഞ്ഞൊരോർമയിൽ
വേരൂന്നി,വിരിഞ്ഞു
നിൽക്കുന്നുണ്ട്
ഇപ്പോഴുമാ
താമര മലരുകൾ …..’


കോടിക്കല്‍ ഡയറിയിലെ
മറ്റു സ്റ്റോറികള്‍ വായിക്കൂ…