ഹാര്‍ബറിന് സമീപത്തായി നിര്‍മ്മിച്ചത് കോണ്‍ഫറന്‍സ് ഹാളടക്കമുള്ള സൗകര്യത്തോടെയുള്ള ഓഫീസ്; കൊയിലാണ്ടി ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പിന്റെ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പിന് സ്വന്തമായി ഓഫീസ് കെട്ടിടം ഒരുങ്ങി. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ത്തിയായി, അവസാന ഘട്ട പണികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഒരുമാസത്തിനുള്ളില്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനാണ് നീക്കം.
ഇതുവരെ വാടക കെട്ടിടത്തിലാണ് ഹാര്‍ബര്‍ എഞ്ചിനിയറിങ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഹാര്‍ബറില്‍ നിന്നും അല്പം അകലെയായിരുന്നു ഇത്. എന്നാല്‍ ഹാര്‍ബറിന് സമീപത്തായി മത്സ്യത്തൊഴിലാളികള്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്ന തരത്തില്‍ വലിയ സൗകര്യത്തോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
മൂവായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ഓഫീസുകളും കോണ്‍ഫറന്‍സ് ഹാളുമുണ്ട്. 2024 ജനുവരിയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഒരു കോടി ഇരുപത് ലക്ഷം രൂപ ഫണ്ടിലാണ് കെട്ടിടമൊരുക്കിയത്.
ഹാര്‍ബറിന്റെ രണ്ടാം ഘട്ട വികസന പ്രവൃത്തികള്‍ ഏതാണ്ട് 90% പൂര്‍ത്തിയായിട്ടുണ്ട്. ജൂണില്‍ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20.9കോടിയുടെ നിര്‍മ്മാണ പ്രവൃത്തികളും 5.88 കോടി രൂപയുടെ ഡ്രഡ്ജിങ് പ്രവൃത്തികളുമാണ് രണ്ടാംഘട്ടത്തിലുണ്ടായിരുന്നത്. ഇതില്‍ ഡ്രഡ്ജിങ് പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. നിര്‍മ്മാണ പ്രവൃത്തികളില്‍ വള്ളങ്ങളും ബോട്ടുകളും അടുപ്പിക്കാനുള്ള ബെര്‍ത്തിങ് ജെട്ടിയുടെ നിര്‍മ്മാണം 90% പൂര്‍ത്തിയായി. രണ്ടര ഏക്കറില്‍ പാര്‍ക്കിങ് ഏരിയയും വല നെയ്യുന്നതിനുള്ള സംവിധാനമുള്ള ഷെഡുമെല്ലാം അവസാന ഘട്ടത്തിലാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള റസ്റ്റിങ് ഷെഡ്, യന്ത്രങ്ങളും വലയും സൂക്ഷിക്കുന്ന ലോക്കര്‍ മുറികള്‍, നിലവിലുള്ള കെട്ടിടങ്ങളും നവീകരണം, ഫിഷ്‌ലാന്‌റിങ് ലോക്കര്‍ മുറികള്‍, ടോയ്‌ലറ്റ് നിര്‍മ്മാണം, ചുറ്റുമതില്‍ കോള്‍ഡ് സ്‌റ്റോറേജ്, ഇലക്ട്രിഫിക്കേഷന്‍, കുടിവെള്ള സംവിധാനങ്ങളുടെ നവീകരണം, അപ്രോച്ച് റോഡ് എന്നിവയെല്ലാം രണ്ടാംഘട്ടത്തില്‍ ഒരുങ്ങുന്നുണ്ട്. ഇതെല്ലാം തന്നെ ഏതാണ്ട് പണി പൂര്‍ത്തിയായിക്കഴിഞ്ഞു.
Summary: The office building of the Koyilandy Harbor Engineering Department is getting ready for inauguration