പുത്തനുടുപ്പുകൾ മുതൽ പച്ചക്കറികൾ വരെ, ഉത്രാടപ്പാച്ചിലിൽ തിരക്കൊട്ടും കുറയാതെ ഒരുക്കങ്ങളുമായി നാടും; കൊയിലാണ്ടിയിൽ കനത്ത ഗതാഗത കുരുക്ക്


പി.എസ്.കുമാർ കൊയിലാണ്ടി

കൊയിലാണ്ടി: പുത്തനുടുപ്പും, സദ്യവട്ടങ്ങൾക്കുള്ള ഒരുക്കങ്ങളും പൂ ശേഖരണമൊക്കെയായി മാവേലിയെ വരവേൽക്കാനുള്ള തകൃതിയായ ഒരുക്കങ്ങളുമായി കൊയിലാണ്ടിയും. ഇന്ന് ഉത്രാടദിനം. പൂവിളികളുമായി നാളെ തിരുവോണപുലരി ഉണരും.

തിരുവോണത്തിന്റെ തലേ ദിവസത്തെ പ്രസിദ്ധമായ ഉത്രാടപ്പാച്ചിലിലാണ് നാടും. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്ന പഴമൊഴിയെ ഊട്ടി ഉറപ്പിക്കുന്നതാണ് ഉത്രാടപ്പാച്ചിൽ. ഇല്ലായ്മയിലും വല്ലായ്മയിലും എന്ത് വില കൊടുത്തും തിരുവോണ നാളിലെ സദ്യവട്ടങ്ങൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തിക്കാനുള്ള ഓട്ടമാണത്.

പൂരാട ദിവസമായ ഇന്നലെയും നഗരത്തിൽ വലിയ തോതിൽ തിരക്കനുഭവപ്പെട്ടു. ചെരുപ്പ് കടകൾ മുതൽ സൂപ്പർമാർക്കറ്റുകൾ വരെ തിരക്ക് നീണ്ടു. റെഡിമെയ്ഡ് തുണിക്കടകളിലും ഹോം അപ്ലിയൻസ് കടകളിലും കഥ വ്യത്യസ്തമല്ലായിരുന്നു. പുത്തനുടുപ്പുകൾ വാങ്ങുന്നതിൻടൊപ്പം ഓണസമ്മാനങ്ങൾ വാങ്ങാനും ആളുകളുടെ നീണ്ട നിര തന്നെയായിരുന്നു.

അതിനെത്തുടർന്ന് നഗരത്തിലും ഗതാഗതകുരുക്ക് രൂക്ഷമായിരുന്നു. ഗതാഗതം നിയന്ത്രിക്കാൻ പോലീസ് സംവിധാനം ഉണ്ടായിരുന്നില്ല. പലർക്കും ഇന്ന് മാത്രം അവധി ആരംഭിച്ച സാഹചര്യത്തിൽ സാധനങ്ങൾ ആദ്യം മുതൽ വാങ്ങാനായും മറ്റുള്ളവർ അവസാനവട്ട മിനുക്കു പണികൾക്കായും ഇന്നും ഓടി നടക്കുകയാണ്.

summary: the land is bustling with preparations and no less; Heavy traffic jam in Koilandi yesterday