റോഡ് ഉയർത്തിയപ്പോൾ പഴയ ഡിവൈഡറുകൾ കാണാനാവുന്നില്ല; അപകടം വിളിച്ചു വരുത്തുന്ന കൊല്ലം – ആനക്കുളം ഡിവൈഡർ പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു; പരിഹാരമില്ലെങ്കിൽ പ്രക്ഷോഭമെന്ന് യൂത്ത് കോൺഗ്രസ്


കൊയിലാണ്ടി: അപകടഭീഷണിയുയർത്തി കൊല്ലം – ആനക്കുളം റോഡിലെ ഡിവൈഡർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലംകമ്മിറ്റി. ഡിവൈഡർ കാണാനാവാത്തതു പോലെ റോഡ് ഉയർത്തി പണിതതോടെയാണ് അപകട കെണിയായി ഇത് മാറിയത്.

ഡിവൈഡറും റോഡും ഒരേ ഉയരത്തിലായതിനാല്‍ വാഹനങ്ങള്‍ ഡിവൈഡര്‍ കാണാതെ പോകുന്നതും നിരയില്‍ നിന്നും മുന്നില്‍ കയറി നില്‍ക്കുന്നതിനാല്‍ വലിയ ഗതാഗത തടസങ്ങള്‍ ഉണ്ടാകുന്നതും നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നിരതെറ്റി നിന്ന സ്വകാര്യ ബസ്സ് ആബുലന്‍സിന്റെ വഴി മുടക്കിയിരുന്നു.

‘റോഡ് ഉയർത്തിയത് കൊണ്ട് പഴയ ഡിവൈഡറുകൾ കാണാത്തതുമൂലം നിരവധി അപകടങ്ങൾ ഉണ്ടാവുന്നുണ്ട്. ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകും’ എന്ന് യോഗത്തിൽ പറഞ്ഞു. ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് നീരജ്ലാൽ നിരാല അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, സായീഷ് എം.കെ, റാഷിദ് മുത്താമ്പി, ദൃശ്യ എം, ഷാനിഫ് വരകുന്ന്, മിഥുൻ പെരുവട്ടൂർ, റിയാസ് എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് സജിത്ത് കാവുംവട്ടം സ്വാഗതവും ഷാനിക നന്ദിയും പറഞ്ഞു.

summary: The demand for restoring the dangerous Kollam-Anakulam divider is rising; Youth Congress says protest if there is no solution