അപകടം സംഭവിച്ചത് ക്ഷേത്രത്തില്‍ ജോലിയ്ക്കായി പോകവെ; വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മരുതൂര്‍ സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിച്ചു
കൊയിലാണ്ടി: നടേരി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തുവെച്ച ഓടിക്കൊണ്ടിരിക്കുന്ന വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മരുതൂര്‍ തെക്കെ മഠത്തില്‍ കല്ല്യാണിയുടെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ സംസ്‌കരിച്ചു.
വാഗാഡ് ലോറി കടന്നുപോകവെ വാഹനത്തിന്റെ ഇടതുഭാഗത്തെ ടയര്‍ ഊരിത്തെറിക്കുകയും നൂറുമീറ്ററോളം അപ്പുറത്തുള്ള കല്ല്യാണിയ്ക്കുമേല്‍ ഇടിക്കുകയുമായിരുന്നു. കഴകക്കാര്‍ എന്നറിയപ്പെടുന്ന ക്ഷേത്രത്തില്‍ പൂജാസാമഗ്രികളും മറ്റും എത്തിച്ചുനല്‍കുന്ന ജോലിയായിരുന്നു കല്ല്യാണിയുടേത്. നടേരി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് പുറമേ സമീപത്തെ മറ്റുചില ക്ഷേത്രങ്ങളില്‍ കൂടി ജോലിക്ക് പോകാറുണ്ട്. ഒരു ക്ഷേത്രത്തില്‍ നിന്നും മടങ്ങി മറ്റൊരു ക്ഷേത്രത്തിലേക്ക് പോകുന്നവഴിയായിരുന്നു അപ്രതീക്ഷിതമായി ടയര്‍ കൊണ്ട് ഇടിയേറ്റത്.
അപകടത്തിനുശേഷം അബോധാവസ്ഥയിലായിരുന്നു കല്ല്യാണി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
പരേതനായ തെക്കെ മഠത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ ഭാര്യയാണ് കല്ല്യാണി. മകന്‍: രാജ്കുമാര്‍. മരുമകള്‍: ശ്രീജ.