രാജ്യത്ത് വാട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും; സൗജന്യ ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ ടെലികോം വകുപ്പ് ട്രായിക്ക് നിര്‍ദേശം നല്‍കി
ന്യൂഡല്‍ഹി: രാജ്യത്ത് വാട്ട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സൗജന്യ ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ ടെലികോം വകുപ്പ് ട്രായിക്ക് നിര്‍ദേശം നല്‍കി. ഇതോടെ ടെലികോം കമ്പനികളെപ്പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വാട്ട്സ്ആപ്പ്, സിഗ്‌നല്‍, ഗൂഗില്‍ മീറ്റ് ഉള്‍പ്പെടെയുള്ളവ വഴിയുള്ള കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും. കഴിഞ്ഞയാഴ്ച ടെലികോം വകുപ്പ് ട്രായിക്ക് ഇന്റര്‍നെറ്റ് ടെലിഫോണ്‍ കോളുകള്‍ സംബന്ധിച്ച ഒരു ശുപാര്‍ശ അവലോകനത്തിനായി അയച്ചിരുന്നു. ഇത് കൂടാതെ പുതിയ സാങ്കേതികവിദ്യകളുടെ അന്തരീക്ഷത്തില്‍ ഈ നിയന്ത്രണങ്ങള്‍ക്ക് വിശദമായ നിര്‍ദേശം നല്‍കാനാണ് ട്രായിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ടെലികോം സേവനദാതക്കളും, ഇന്റര്‍നെറ്റ് കോള്‍ നല്‍കുന്ന വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ആപ്പുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ് ഉള്ളത്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഉള്ളപോലെ ലൈസന്‍സ് ഫീ ഇന്റര്‍നെറ്റ് കോള്‍ പ്രൊവൈഡര്‍മാര്‍ക്ക് നല്‍കണമെന്നുമാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
summary: Telecom department has directed TRAI to prepare guidelines for free internet calls