ചിങ്ങപുരം കൊങ്ങന്നൂര്‍ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം; 150 ലേറെ പേര്‍ക്ക് ദേഹാസ്വാസ്ഥ്യം, പരിശോധന ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്


മൂടാടി: മൂടാടി പഞ്ചായത്തിലെ ചിങ്ങപുരം കൊങ്ങന്നൂര്‍ അമ്പലത്തില്‍ ഉത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. നിരവധിപ്പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 130 ല്‍ അധികം പേര്‍ പങ്കെടുത്തു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നവരും, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണമുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. നിരവധിപ്പേര്‍ മറ്റ് ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്.

അമ്പലത്തിലെ അന്നദാനത്തില്‍ പങ്കെടുത്തവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അന്നദാനത്തില്‍ പങ്കെടുക്കാത്തവര്‍ക്കും ദേഹാസ്വാസ്ഥ്യം അുഭവപ്പെട്ടതിനാല്‍ ഭക്ഷ്യവിഷബാധയുടെ ഉറവിടം വ്യക്തമല്ല. ഉത്സവത്തോടനുബന്ധിച്ച് ഐസ്‌ക്രീം, ചായ ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പനയും ഉണ്ടായിരുന്നു.

ആരോഗ്യ വകുപ്പ് അധികൃതരും ഫുഡ് ആന്റ് സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും കുടിവെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി ഒന്‍പത് മുതല്‍ 12 വരെയുള്ള ദിവസങ്ങളിലാണ് അമ്പലത്തില്‍ ഭക്ഷണമുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ സാമ്പിളുകളൊന്നും അധികൃതര്‍ക്ക് ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. 25,000 ത്തോളം പേര്‍ അന്നദാനത്തില്‍ പങ്കെടുത്തിരുന്നു.