നാദാപുരത്ത് വീട് പൊളിച്ചുമാറ്റുന്നതിനിടയില്‍ സണ്‍ഷൈഡ് അടര്‍ന്നുവീണു; സ്ലാബിനടിയില്‍ കുടുങ്ങി തൊഴിലാളികള്‍, അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്


നാദാപുരം: പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ സണ്‍ഷൈഡ് അടര്‍ന്നുവീണ് തൊഴിലാളികള്‍ക്ക് പരിക്ക്. കക്കംപള്ളിയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ തൊഴിലാളികളുടെ ദേഹത്തേക്ക് മുന്‍ഭാഗത്തെ സണ്‍ഷൈഡ് ഇടിഞ്ഞു പൊളിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. നാണു, സജീവന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

നാദാപുരത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് സ്ലാബിനടിയില്‍ കുടുങ്ങിയ മൂന്നാമത്തെ തൊഴിലാളിയെ പുറത്തെടുത്തത്. ജെ.സി.ബിയുടെ സഹായത്തോടെ സ്ലാബ് മാറ്റുകയായിരുന്നു. അരമണിക്കൂറോളം ഇദ്ദേഹം സ്ലാബിനടിയില്‍ കുടുങ്ങി കിടന്നു.

റീജ കുന്നുംപുറത്ത് കക്കംവള്ളി എന്നയാളുടെ വീട് കരാര്‍ തൊഴിലാളിയായ ബാബു പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നാദാപുരത്ത് നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിക്കിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.