തിരുവല്ലയില്‍ നടുറോഡില്‍ യുവതിയ്ക്ക് നേരെ മദ്യപാനിയുടെ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്നും യുവതിയെ വലിച്ച് താഴെയിട്ടു, പ്രതി പിടിയില്‍


പത്തനംതിട്ട: തിരുവല്ല നഗരമധ്യത്തില്‍ യുവതിയ്ക്ക് നേരെ മദ്യപാനിയുടെ ആക്രമണം. യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക് ആക്രമണം നടത്തിയത്. ഇയാള്‍ നേരത്തെ മദ്യപിച്ച് ബൈക്കില്‍ പൊലീസ് സ്റ്റേഷനിലെത്തിയ ബഹളം വെച്ചിരുന്നു.

തിരുവല്ല നഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ജോജോ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി വലിച്ചു താഴെയിടുകയായിരുന്നു. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാള്‍ മുന്‍പും സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നയാളെന്ന് പൊലിസ് വ്യക്തമാക്കി. ജോജോയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.