ഇരിങ്ങലില്‍ സുന്ദരേശന്‍ തീര്‍ക്കുന്ന തെയ്യ പ്രപഞ്ചം; സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ ഈ തെയ്യ വിസ്മയം ഇനിയും കാണാത്തവരുണ്ടോ?
മുഹമ്മദ് ടി.കെ.
ഇരിങ്ങല്‍: അന്താരാഷ്ട്ര ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്ട് മേളയുടെ തിരക്കിനിടയില്‍, തെയ്യക്കോലങ്ങള്‍ കാണാനെത്തിയ കാണികള്‍ക്കിടയില്‍ മേശയ്ക്കരികിലിരുന്ന് തന്‍റെ പുതിയ സൃഷ്ടി കൊത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സുന്ദരേശന്‍.
കുറത്തി തെയ്യത്തെയാണ് സുന്ദരേശന്‍ കൊത്തിയെടുക്കുന്നത്. സാധാരണ കുറത്തിയില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടെ അലങ്കാരങ്ങളുള്ള കുറത്തി രൂപമായത് കൊണ്ടു തന്നെ പതിവിലും സമയമെടുത്താണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് പ്രദര്‍ശനം കാണാനായി വന്നവരുടെ സംശയങ്ങള്‍ തീര്‍ക്കും, മാധ്യമങ്ങളോട് സംസാരിക്കും, തെയ്യം രൂപങ്ങളുടെ വില്‍പ്പന നടത്തും. അതിനിടെയിലും കുറത്തി രൂപത്തെ അല്‍പ്പാല്‍പ്പമായി കൊത്തിയെടുക്കും.
തെയ്യം ആര്‍ട്സില്‍ വിസ്മയം തീര്‍ക്കുന്ന സുന്ദരേശന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ക്രാഫ്റ്റ് വില്ലേജിലെ സ്ഥിരം സ്റ്റാളിലുണ്ട്. വിവിധ തെയ്യങ്ങളുടെ വിവിധ ഭാവങ്ങളുടെ ഒരു വര്‍ണപ്രപഞ്ചമാണ് സുന്ദരേശന്റെ സ്റ്റാള്‍.
രൗദ്രഭാവത്തില്‍ ഉറഞ്ഞു തുള്ളുന്ന തെയ്യത്തിന്‍റെ പേടിപ്പെടുത്തുന്ന രൂപവും വാത്സല്യമയിയായ തെയ്യത്തിന്‍റെ ശാന്തഭാവവും ഈ മുറിയില്‍ കാണാം. തെയ്യത്തിന്‍റെ മുഖത്തെഴുത്തുകളും പൂര്‍ണ മോഡലുകളും ഇവിടെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. വിവിധ വലിപ്പത്തിലും വര്‍ണത്തിലുമുള്ള തെയ്യരൂപങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്വന്തമാക്കണമെന്ന് ആരും ആഗ്രഹിച്ച് പോവും വിധമുള്ള ചാരുത ഓരോ ശില്‍പത്തിലുമുണ്ട്.
1000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ വിലയില്‍ തെയ്യരൂപങ്ങള്‍ സ്വന്തമാക്കാം. മരത്തില്‍ അത്യധികം കൃത്യതയോടെ കൊത്തിയെടുത്ത ചാമുണ്ടി കളിയാട്ടത്തിനാണ് രണ്ട് ലക്ഷം രൂപ.
ചെണ്ടക്കാരും അമ്പലവും അതിന് പിന്നിലെ ആല്‍മരവും നിറഞ്ഞുനില്‍ക്കുന്ന കാടും ഇതിനുമൊക്കെ മേലെ നിറഞ്ഞു വിരിഞ്ഞ് നില്‍ക്കുന്ന ചാമുണ്ടി തെയ്യവുമാണ് ശില്‍പത്തിലുള്ളത്. എത്രനേരം വേണമെങ്കിലും നോക്കിനില്‍ക്കാവുന്നത്രയും ഡീറ്റെയ്ല്‍സും ചാരുതലും ചാമുണ്ടി കളിയാട്ടത്തെ അമൂല്യ സൃഷ്ടിയാക്കുന്നു.
തെയ്യ രൂപങ്ങള്‍ക്ക് പുറമെ കഥകളിലും ബുദ്ധനുമൊക്കെ സുന്ദരേശന്റെ കരവിരുതില്‍ തയ്യാറായിട്ടുണ്ട്.