എപ്പോഴും തലവേദനയാണോ? ഈ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തണേ


ലവേദനയെന്നത് വലിയ ബുദ്ധിമുട്ടുതന്നെയാണ്. പാരിസ്ഥിതികവും ആരോഗ്യപരവുമായി പല കാരണങ്ങളും തലവേദനയ്ക്ക് വഴിവെക്കാം. പലപ്പോഴും തലവേദന ഗുരുതരമായ പ്രശ്‌നമൊന്നുമുണ്ടാക്കാതെ കടന്നുപോകും. എന്നാല്‍ ഇടയ്ക്കിടെ നിങ്ങള്‍ക്ക് തലവേദന വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണ്.

തലവേദനയുടെ കാരണങ്ങള്‍:

രക്തപ്രവാഹം തടയുംവിധം തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് കട്ടുകൂടുന്നത് തലവേദനയ്ക്ക് വഴിവെക്കാം. വാസ്‌കുലിറ്റിസ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് തുടര്‍ച്ചയായ തലവേദയ്ക്ക് വഴിവെക്കുകയും ചിലപ്പോള്‍ സ്‌ട്രോക്ക്, ഞരമ്പുകളില്‍ രക്തം കട്ടപ്പിടിക്കല്‍ തുടങ്ങിയ അവസ്ഥയ്ക്ക് വഴിവെക്കാം.

തലച്ചോറില്‍ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. ഇതും തുടര്‍ച്ചയായ തലവേദനയ്ക്ക് കാരണമാകാം.

തലവേദനയ്ക്കുള്ള മരുന്നുകള്‍ അമിതമായി കഴിക്കുന്നതും തലവേദനയ്ക്ക് കാരണമാകും. ഇതെന്ത് കഥയെന്ന് തോന്നും, പക്ഷേ യാഥാര്‍ത്ഥ്യമാണ്.

തലച്ചോറിനെയും സ്‌പൈനല്‍ കോഡിനെയും ചുറ്റിയുള്ള ആവരണമാണ് മെനിഞ്ചൈറ്റിസ്. ഇതിനുണ്ടാകുന്ന കേടുപാടുകളും തലവേദനയ്ക്ക് വഴിവെക്കാം. മെനിഞ്ചൈറ്റിസിനുള്ള പ്രധാന കാരണം ബാക്ടീരിയ, വൈറസോ കാരണമുള്ള അണുബാധയാണ്.

തലയ്ക്കുണ്ടായ ഗുരുതരമായ ക്ഷതം തലവേദനയ്ക്ക് വഴിവെക്കാം. ഈ ക്ഷതം കാരണം തലച്ചോറിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ ഇടയ്ക്കിടെ തലവേദന അനുഭവപ്പെടും.

തലവേദനയകറ്റാന്‍ ചില ടിപ്‌സുകള്‍:

അടുക്കും ചിട്ടയോടെയുമുള്ള ജീവിതം. ചില സമയത്ത് ആഹാരം കഴിക്കാതിരിക്കുക, ശരീരം അനങ്ങി പണി ചെയ്യാതിരിക്കുക എന്നിവയൊക്കെ തലവേദനയ്ക്ക് വഴിവെക്കാം.

ഉറക്കക്കുറവും തലവേദനയ്ക്ക് കാരണമാകും. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം.

ഫൈബര്‍, പ്രോട്ടീന്‍ ആവശ്യമായ മറ്റ് പോഷണങ്ങള്‍ എന്നിവ അടങ്ങിയ ആഹാരം ശീലമാക്കുക. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതിരിക്കുന്നതും തലവേദനയ്ക്ക് ഇടയാക്കും.

സ്വയം ചികിത്സ ഒഴിവാക്കുക. തോന്നിയ മരുന്നുകളൊക്കെ വാങ്ങിക്കഴിക്കുന്നതും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

സ്ഥിരമായി തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ ചികിത്സ തേടുക.