ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ തടഞ്ഞു നിര്‍ത്തി, വാക്കേറ്റത്തിനൊടുവില്‍ വെട്ടിപരിക്കേല്‍പ്പിച്ചു; നാദാപുരത്ത് പെണ്‍കുട്ടിക്കെതിരായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


നാദാപുരം: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചത് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍. നാദാപുരത്തെ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയും പേരോട് സ്വദേശിയുമായ നഹീമയെ ബൈക്കിലെത്തിയ റഫ്‌നാസ് വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഉച്ചയ്ക്ക് കല്ലാച്ചി തട്ടയത്ത് എം.എല്‍.പി സ്‌കൂള്‍ പരിസരത്ത് പെണ്‍കുട്ടിയും റഫ്നാസും തമ്മില്‍ കുറേനേരം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

തര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് റഫ്നാസ് കൈയ്യില്‍ കരുതിയിരുന്ന കൊടുവാള്‍ കൊണ്ട് നഹീമയെ വെട്ടുന്നത്. തലയ്ക്കും ശരീരമാസകലവും വെട്ടേറ്റു. വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലഗുരതരമായതോടെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. നാദാപുരം ഹൈടെക് കോളേജ് ബി കോം വിദ്യാര്‍ത്ഥിനിയാണ് നഹീമ.

ഇതിനിടെ രക്ഷപ്പെട്ട റഫ്നാസിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ഇയാളെ പിടികൂടി പൊലീസിനു കൈമാറി. ഉടന്‍ നാദാപുരത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ഇരുവരും നേരത്തെ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരായിരന്നു. നിലവില്‍ കല്ലാച്ചിയിലെ ഒരു കടയിലാണ് റഫ്‌നാസ് ജോലി ചെയ്യുന്നത്. കുറ്റ്യാടിയിലെ മൊകേരി സ്വദേശിയാണ് ഇയാള്‍. പേരോട് സ്വദേശിനിയാണ് നഹീമ.

കേസ് സംബന്ധിച്ച് കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നേയുള്ളൂവെന്നും, പ്രതിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും, ചികിത്സയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍ കാത്ത് നിന്ന് ആക്രമിച്ചതാണെന്നും, നഹീമ കോളേജില്‍ നിന്ന് തിരിച്ചുവരുന്ന വഴിയിലാണ് ആക്രമണമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.