പിന്നാലെ എത്തിയത് എട്ട് നായ്ക്കൾ, പേടിച്ച് സൈക്കിളിൽ നിന്ന് വീണു; തുറയൂരിൽ യു.പി സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായ്ക്കളിൽ നിന്ന് അത്ഭുതകരമായി രക്ഷിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾ
പയ്യോളി: സ്കൂളിലേക്ക് പോയ വിദ്യാർത്ഥിക്ക് നേരെ കുത്തിച്ചെത്തി തെരുവ്നായകൾ. വിദ്യാർത്ഥി രക്ഷപെട്ടത് അത്ഭുതകരമായി. തുറയൂർ സ്വദേശിയായ വിനീഷിന്റെ മകൻ യു.പി സ്കൂൾ വിദ്യാർത്ഥിയായ അനന്തദേവ് ആണ് ഇന്നലെ തലനാരിഴയ്ക്ക് രക്ഷപെട്ടത്. മുണ്ടാളിത്താഴ അമ്പലം കഴിഞ്ഞു 200 മീറ്റർ അകലെ വെച്ചായിരുന്നു സംഭവം.
ഇന്നലെ രാവിലെ ഒൻപതേ കാലോടെ ആണ് അക്രമം നടന്നത്. പയ്യോളി അങ്ങാടി ഗവണ്മെന്റ് സ്കൂളിലെ യു.പി വിദ്യാർത്ഥിയായ അനന്തുദേവ് സഹപാഠികളോടപ്പം സ്കൂളിലേക്ക് സൈക്കിളിൽ പോവുകയായിരുന്നു. ഈ സമയം എട്ടോളം നായകളാണ് കുട്ടികളുടെ നേരെ കുതിച്ചു ചാടി എത്തിയത്.
പേടിച്ച് നിയന്ത്രണം വിട്ട അനന്തു സൈക്കിളിൽ നിന്ന് വീണു. ഇത് വഴി പോവുകയായിരുന്ന തുറയൂർ ബി.ടി.എം ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ സമയോചിത ഇടപെടലിലൂടെ അത്ഭുതകരമായി അനന്തുദേവ് രക്ഷപെടുകയായിരുന്നു എന്ന് അച്ഛൻ പറഞ്ഞു.
വിദ്യാർത്ഥികൾ തുടരെ കല്ലെടുത്തെറിയുകയും നായകളെ ഓടിക്കുകയുമായിരുന്നു. എട്ടോളം നായകളുടെ ഇടയിൽ നിന്ന് കടിയേൽക്കാതെ അര മീറ്റർ വ്യത്യാസത്തിൽ മാത്രമാണ് വിദ്യാർത്ഥി രക്ഷപെട്ടത്. ആളൊഴിഞ്ഞു കിടക്കുന്ന സമീപത്തെ പറമ്പുകളിൽ ഇത്തരം നായ്ക്കൾ കൂട്ടമായി കിടക്കുകയാണെന്നും അച്ഛൻ കൂട്ടിച്ചേർത്തു.
സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ അനന്തുവിനെ താലൂക്ക് ആശുപത്രിയിൽ കൊണ്ട് പോയി. കുട്ടിക്ക് മൂക്കിനും കാലിനും ചതിവുകളും കൈക്ക് പൊട്ടലുമുണ്ട്.
‘ഇങ്ങിനെ സ്വൈര ജീവിതം ഇല്ലാതാക്കുന്ന രീതിയിൽ നായ്ക്കൾ വഴികൾ കൈയ്യടക്കുമ്പോൾ എങ്ങിനെയാണ് കുട്ടികളെ സ്കൂളിലേക്ക് വിടുക?’ എന്നാണ് നാട്ടുകാർ ഒന്നടങ്കം ചോദിക്കുന്നത്.