കെ.എസ്.യു ലഹരിമാഫിയയെ ക്യാമ്പസിലേക്ക് തിരികെ കൊണ്ടുവരുന്നു, മരട് അനീഷിന് കെ.എസ്.യു ജില്ലാ പ്രസിഡന്റുമായുളള ബന്ധം അന്വേഷിക്കണം’; പി എസ് സഞ്ജീവ്


പയ്യോളി: കെ.എസ്.യു ലഹരിമാഫിയയെ ക്യാമ്പസിലേക്ക് തിരികെ കൊണ്ടുവരുന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്. അവര്‍ നടത്തുന്ന പോരാട്ട ജാഥ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”കേന്ദ്രത്തിനെത്തിരെ കെ.എസ്.യുക്കാര്‍ സമരം ചെയ്യാനില്ല. ലഹരി മാഫിയക്കെന്തിരെ കുറിച്ച് മിണ്ടുന്നില്ല. ഗോകുല്‍ ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരിമാഫിയയുടെ ആളുകളാണ്. മരട് അനീഷിന് കെ.എസ്.യു ജില്ലാ പ്രസിഡന്റുമായുള്ള ബന്ധം അന്വേഷിക്കണം. കോണ്‍ഗ്രസ് ഒരു ചെറുവിരല്‍ പോലും അറിക്കുന്നില്ല”- സഞ്ജീവ് പറഞ്ഞു.

കളമശേരി കഞ്ചാവ് കേസില്‍ മുഖ്യധാര ചാനല്‍ ഒളിച്ചോടുന്നുവെന്നും സഞ്ജീവ് അരോപിച്ചു. തന്നെ ഒരു പ്രമുഖ ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ച ശേഷം അവസാന നിമിഷം ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയെന്നും വലതുപക്ഷ മാധ്യമങ്ങളും നേതാക്കളും കെ.എസ്.യുവിനെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം എസ്.എഫ്.ഐയുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ആണ് കോണ്‍ഗ്രസും കെ.എസ്.യുവും ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് പറഞ്ഞു. ലഹരി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് വലതുപക്ഷത്തിന്റെ ശ്രമമെന്നും കേരളത്തിലെ ക്യാമ്പസുകളിലും യുവാക്കള്‍ക്കിടയിലും ലഹരി എത്തിക്കുന്നതിന് കെ.എസ്.യുവാണെന്നും അദ്ദേഹം പറഞ്ഞു.

”എസ്.എഫ്.ഐക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഗൂഡ പദ്ധതിയാണ് തയ്യാറാക്കിയത്. നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലഹരി വസ്തുക്കളുമായി പിടിയിലായി. ഉപയോഗിച്ചതിന് അല്ല, മറിച്ച് വന്‍തോതില്‍ കൈവശം വയ്ക്കുകയും വിപണനം നടത്തുകയും ചെയ്തതിനാണ് ഇവര്‍ അറസ്റ്റിലായത്.

കെ.എസ്.യുവിനെ പിരിച്ചുവിടണോയെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം. കെ.എസ്.യുവിനെ പിരിച്ചുവിടണമെന്ന് ഞങ്ങള്‍ പറയില്ല. ഒരു വിദ്യാര്‍ത്ഥി സംഘടനയെയും പിരിച്ചുവിടാന്‍ എസ്.എഫ്.ഐ ആവശ്യപ്പെടില്ല. രാഷ്ട്രീയ ആരോപണങ്ങളുടെ ഗുണഭോക്താക്കള്‍ കോണ്‍ഗ്രസാണ്. എറണാകുളം മഹാരാജാസില്‍ കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റ സംഭവം ലഹരി പങ്കിടുന്നതില്‍ ഉണ്ടായ തര്‍ക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.” ശിവപ്രസാദ് പറഞ്ഞു.

Summary: KSU is bringing drug mafia back to campus, Maradu Aneesh’s connection with KSU district president should be investigated’; P.S. Sanjeev