തിക്കോടിയില്‍ തീവണ്ടിക്ക് നേരെ കല്ലേറ്; വില്യാപ്പള്ളി സ്വദേശിക്ക് മുഖത്ത് പരിക്കേറ്റു


തിക്കോടി: തിക്കോടിയില്‍ തീവണ്ടിക്ക് നേരെ കല്ലേറ്. യശ്വന്ത്പൂര്‍-മംഗലാപുരം 16565 നമ്പര്‍ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വില്യാപ്പള്ളി സ്വദേശിക്ക് മുഖത്ത് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിന്‍. കോച്ചിന്റെ വാതില്‍ക്കലാണ് പരിക്കേറ്റ വില്യാപ്പള്ളി സ്വദേശി എടത്തിലോട്ട് മീത്തല്‍ വിനോദന്‍ ഇരുന്നിരുന്നത്. റെയില്‍പാളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് കല്ലേറുണ്ടായത്.

മുഖത്ത് ഗുരുതരമായി പരിക്കേറ്റ വിനോദന്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അദ്ദേഹത്തിന്റെ മുഖത്ത് മൂന്ന് തുന്നലുകള്‍ ഉണ്ട്. ആര്‍.പി.എഫിന് പരാതി നല്‍കിയിട്ടുണ്ട്.

റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തേയും ഇതേ പ്രദേശത്ത് തീവണ്ടിക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. ഈ സംഭവത്തില്‍ ട്രെയിനിന്റെ ചില്ല് പൊട്ടിയിരുന്നു. അക്രമികളെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.