ആയിരങ്ങള്‍ കുന്ന് കയറിയെത്തി; ഐക്യത്തിന്റെ സന്ദേശവുമായി റമദാനിന്റെ ഇരുപത്തിയാറാം രാവില്‍ കൊല്ലം പാറപ്പള്ളിയിലെ സമൂഹ നോമ്പുതുറ


കൊയിലാണ്ടി: ശ്രദ്ധേയമായി കൊല്ലം പാറപ്പള്ളിയിലെ സമൂഹ നോമ്പുതുറ. എല്ലാ വര്‍ഷവും റമദാന്‍ മാസത്തിലെ ഇരുപത്തിയാറാം രാവില്‍ നടക്കുന്ന സമൂഹ നോമ്പുതുറയ്ക്ക് പതിവ് പോലെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ പാറപ്പള്ളിയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു.

കൊയിലാണ്ടി, കൊല്ലം, പുളിയഞ്ചേരി, പെരുവട്ടൂര്‍, നടുവണ്ണൂര്‍, നമ്പ്രത്തുകര, മൊകേരി, കിള്ളവയല്‍, മൂടാടി, നന്തി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പാറപ്പള്ളിയിലേക്ക് ആളുകള്‍ എത്തിയത്. കൂടാതെ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്ന് പോലും ചടങ്ങില്‍ പങ്കെടുക്കാനായി വിശ്വാസികള്‍ പാറപ്പള്ളിയിലെത്തിയിരുന്നു.

എണ്‍പത് വര്‍ഷത്തിലേറെയായി നടക്കുന്ന സമൂഹ നോമ്പ് തുറയാണ് ഇന്ന് പാറപ്പള്ളിയില്‍ നടന്നത്. റമദാന്റെ 26-ാം രാവില്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് വിശ്വാസികള്‍ പാറപ്പള്ളിയിലെത്തുന്നത്. ഇവിടെയെത്തുന്ന വിശ്വാസികള്‍ പാറപ്പള്ളിയില്‍ ഖബറടക്കിയ പ്രമുഖ വ്യക്തികളുടെ ഖബറുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. കൂടാതെ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ വിശ്വാസികള്‍ മരിക്കുമ്പോള്‍ ഖബറടക്കുന്നത് പാറപ്പള്ളിയിലാണ്. തങ്ങളുടെ ബന്ധുക്കളുടെ ഈ ഖബറുകള്‍ സന്ദര്‍ശിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും കൂടിയായാണ് വിശ്വാസികള്‍ ഈ ദിവസം ഇവിടെയെത്തുന്നത്.

പുരുഷന്മാരും കുട്ടികളും മാത്രമാണ് ഈ സമൂഹ നോമ്പുതുറയില്‍ പങ്കെടുത്തത്. സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, ഒരേ സ്ഥലങ്ങളില്‍ നിന്ന് വന്നവര്‍ എന്നിങ്ങനെ വിവിധ സംഘങ്ങളായാണ് വിശ്വാസികള്‍ എത്തിയത്. പലതരം പലഹാരങ്ങളും പഴങ്ങളും വെള്ളവുമെല്ലാമായാണ് വിശ്വാസികള്‍ നോമ്പുതുറയ്ക്കായി എത്തിയത്.

കൊല്ലം പാറപ്പളഅളി ജുമാഅത്ത് പള്ളി കമ്മിറ്റിയാണ് സമൂഹനോമ്പുതുറ സംഘടിപ്പിച്ചത്. റമദാനിലെ വരും ദിവസങ്ങളിലും പാറപ്പള്ളിയിലേക്ക് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായും നോമ്പുതുറക്കാനുമെല്ലാമായി വരും.