വിഷാദത്തിന്‍റെയും ഉന്മാദത്തിന്‍റെയും തിക്കോടി ദിനങ്ങള്‍; ഇതാ വിന്‍സെന്‍റിന്റെ പ്രണയിനിയുടെ എഴുത്തുകാരി ശഹാന തിക്കോടി


 

പി.കെ.മുഹമ്മദലി

‘പ്രസവത്തിന് ശേഷം എന്നെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചു. വിഷാദത്തിന്‍റെ നാളുകളായിരുന്നു. ആ സമയത്തെ ചിന്തകളാണ് വിന്‍സന്‍റിന്റെ പ്രണയിനിയായത്’ – എഴുത്തുകാരിയും തിക്കോടി സ്വദേശിയുമായി ശഹാന തന്‍റെ പുതിയ പുസ്തകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞു തുടങ്ങുകയാണ്.

പ്രസവാനന്തര വിഷാദത്തിന്‍റെ വേദനകളും ഉന്മാദങ്ങളും തുറന്നെഴുതിയ പുസ്തകമാണ് ശഹാനയുടെ ‘വിന്‍സെന്‍റിന്‍റെ പ്രണയിനി’. മുറിവുകളെ പൊരുളുകളാക്കിയും സങ്കടങ്ങളെ സംഗീതമാക്കിയും ഇരുട്ടിനെ വെളിച്ചമാക്കുന്ന പുസ്തകമെന്നാണ് ഡോ. സോമന്‍ കടലൂര‍് ‘വിന്‍സെന്‍റിന്‍റെ പ്രണയിനി’യെ വിശേഷിപ്പിച്ചത്.

കൊച്ചു കവിതകളായിരുന്നു ശഹാന എഴുതിത്തുടങ്ങിയത്. ബിരുദ പഠനകാലത്ത് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചെങ്കിലും വിവാഹത്തോടെ എഴുത്തില്‍ നിന്ന് താല്‍ക്കാലികമായി വിട്ടു നില്‍ക്കേണ്ടി വന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വിന്‍സെന്‍റിന്‍റെ പ്രണയിനി എന്ന പുസ്തകത്തിന്‍റെ പിറവി.

“കോവിഡും അടച്ചിലുകളും മനുഷ്യമനസ്സുകളിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. അങ്ങനെയെങ്കിൽ ജീവനുള്ള ശരീരവും സ്വാതന്ത്ര്യം കൊതിക്കുന്നതിൽ തെറ്റില്ല.
ആ പുസ്തകത്തിൽ പറയുന്നപോലെ , ജീവിതത്തിൽ നിന്നും മുറിച്ചുമാറ്റേണ്ടുന്ന ഒരു ഭാഗത്തിന്റെ ഓർമയ്ക്കാണ് ആ എഴുത്തുകൾ എഴുതുന്നത്. പ്രസവശേഷം സ്ത്രീകളിൽ കാണപ്പെടുന്ന Post-Portum depression എന്ന മാനസികാവസ്ഥയിൽ നിന്നും അതിജീവിച്ച ഒരാളാണ് ഞാൻ. അന്ന് ഞാൻ മനസ്സിലാക്കിയ ആ രോഗാവസ്ഥയുടെ വിങ്ങലും വേദനകളും എനിക്ക് ചുറ്റും പലരും അനുഭവിക്കുന്നു എന്നും അവർക്ക് പിന്നീട് ജീവിതത്തിൽ ഒരു പ്രചോദനം ആകണം എന്നുമുള്ള ചിന്തയാണ് പിന്നീട് ഒരു പുസ്തകമായി ജനിക്കുന്നത്.” – ശഹാന പറയുന്നു.

അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ ഏതോ കഥാ പുസ്തകത്തിൽ വായിച്ച ചെറുതും , വശ്യവുമായ കുഞ്ഞുണ്ണിക്കവിതകളോട് തോന്നിയ പ്രിയമാണ് തന്നെ എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ശഹാന ഓര്‍ക്കുന്നു. അത് പിന്നീട് അനുകരണമായി. മലയാളം പാഠപുസ്തകങ്ങളിൽ പഠിക്കാൻ ഉള്ള കവിതകളുടെ ആശയങ്ങളിൽ സ്വയം കവിതകൾ എഴുതി തുടങ്ങി. ബാല്യത്തിന്റെ കണ്ണെത്തുന്ന പൂവും പൂമ്പാറ്റയും കവിതകളാക്കി. ഇടയ്ക്ക് വച്ച് മുറിഞ്ഞ് പോയ ഈ താല്‍പര്യം പ്ലസ് ടു കാലത്ത് ശഹാന വീണ്ടെടുക്കുകയായിരുന്നു.

പ്ലസ് ടൂ കാലത്ത് ചെറിയ കവിതകൾ എഴുതി തന്റെ സഹപാഠികൾക്കും അധ്യാപകർക്കും ശഹാന കാണിച്ച് കൊടുക്കും. അവരിൽ നിന്നുള്ള പ്രോത്സാഹനത്തിലൂടെ ശഹാന വീണ്ടും വീണ്ടും എഴുതി. നല്ല അഭിപ്രായം കിട്ടിയ കവിതകൾ ശഹാന ഒരു നോട്ട് പുസ്തകത്തിൽ എഴുതി വെച്ചു.

വട്ടോളി ബസാറിലുള്ള ഇസ്മായിൽ എന്ന പ്രസാധകന്‍ കുറച്ച് കവിതകളും എഴുത്തുകളും സമാഹരിച്ച് സ്നേഹതീരമെന്ന പേരില്‍ സ്വന്തമായി പ്രിന്റ് ചെയ്ത് എല്ലാം ആഴ്ചയിലും തിക്കോടി പ്രദേശങ്ങളിൽ വിൽക്കാനെത്താറുണ്ടായിരുന്നു. ഒരിക്കല്‍ തിക്കോടിയിലെത്തിയ ഇസ്മായിലിന് ശഹാന തന്‍റെ കവിത നല്‍കി പ്രസിദ്ധീകരിക്കാമോ എന്ന് ചോദിച്ചു. അങ്ങനെ സ്നേഹതീരത്തില്‍ ശഹാനയുടെ കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. സ്നേഹതീരത്തില്‍ പ്രസിദ്ധീകരിച്ച കവിത വായിച്ച നാട്ടുകാരും സുഹൃത്തുക്കളും നല്ല അഭിപ്രായം അറിയിച്ചത് ശഹാനയ്ക്ക് പ്രോത്സാഹനമായി. തിക്കോടിയിലെ എഴുത്തു കാരനായ ഇബ്രാഹിം തിക്കോടി ശഹാനയുടെ ചെറു കവിതകൾ പുസ്തകമാക്കൻ മുന്നിട്ടിറങ്ങി. സഹപാഠികളുടെയും അധ്യാപകരുടെയെല്ലാം പിന്തുണയോടെ ഡിഗ്രി ആദ്യ വർഷത്തിൽ ചേലിയ ഇലാഹിയ കോളജിൽ വെച്ച് ശഹാനയുടെ ആദ്യ കവിതാ സമാഹരമായ ‘സൂര്യ തേജസ്’ പ്രകാശനം ചെയ്തു. സൂര്യതേജസിന് വേണ്ടി ഇലസ്ട്രേഷന്‍ തയ്യാറാക്കിയതും ശഹാനയാണ്.

ഡിഗ്രി പഠനം കഴിഞ്ഞ ഉടനെ വിവാഹവും കുടുംബ കാര്യങ്ങളുമായി തിരക്കിലായെങ്കിലും വീണ്ടും എഴുത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശഹാന. തിക്കോടി മമ്മദ് ഗുരുക്കളുടെ മകൻ പി വി റഷീദിന്റെയും കൊയിലിൽ ഖദീജയുടെയും മകളാണ് ശഹാന . കിഴൂരിലെ മുഹമ്മദ് നിജാസാണ് ഭർത്താവ്. അർമാൻ മാലിക് മകനാണ്. ശഹാന ഇപ്പോൾ മൂന്നാമത്തെ പുസ്തകത്തിൻ്റെ പണിപ്പുരയിലാണ്.


കോടിക്കല്‍ ഡയറിയിലെ
മറ്റു സ്റ്റോറികള്‍ വായിക്കൂ…