അശ്ശീല വീഡിയോ പ്രചാരണം; വ്യക്തിഹത്യ ചെയ്യപ്പെട്ടത് താന്‍, വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവര്‍ ഖേദം പ്രകടിപ്പിക്കുമോയെന്ന് ഷാഫി പറമ്പില്‍


വടകര: അശ്ശീലവീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ താന്‍ വ്യക്തിഹത്യ ചെയ്യപ്പെട്ടുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പില്‍. അശ്ശീലവീഡിയോ പ്രചരിപ്പിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന കെ.കെ ശൈലജ ടീച്ചറുടെ വാര്‍ത്താസമ്മേളനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.

അശ്ശീല വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ ഇത്രയും ദിവസം തങ്ങള്‍ക്കെതിരെ പോസ്റ്റ് ഇട്ടവരും ആക്ഷേപിച്ചവരും തിരുത്താന്‍ തയ്യാറാവുമോയെന്നും സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകുമോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

ഇല്ലാത്ത വീഡിയോ തന്റെ അറിവോടെ പ്രചരപ്പിച്ചുവെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമങ്ങിലും തന്റെ പേര് പറഞ്ഞ് പത്രസമ്മേളനവും മറ്റും നടത്തി താനുള്‍പ്പെടയുളള ആളുകളെ ആക്ഷപിച്ച് വ്യക്തിഹത്യ ചെയ്യുകയായിരുന്നെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

താന്‍ അത്തരത്തിലുളള വീഡിയോ കണ്ടിട്ടില്ലെന്നും ആളുകള്‍ വീഡിയോയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അത്തരമൊരു വീഡിയോ പ്രചരിച്ചിട്ടില്ലെന്നത് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ഇല്ലെന്ന് ഇപ്പോള്‍ പറയുന്നതിനേക്കാള്‍ തനിക്കെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ വ്യക്തമാക്കാമായിരുന്നെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

മോര്‍ഫ് ചെയ്ത ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുവെന്ന ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ചെയ്ത ആളുകള്‍ക്കെതിരെ നടപടി എടുക്കണമെന്നും മാധ്യമങ്ങളോട് ഷാഫി പറമ്പില്‍ വ്യക്തമാക്കി.