‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആഗസ്റ്റ് വിപ്ലവത്തിന്റെ പങ്ക്’; സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും ചര്‍ച്ചയാക്കി ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ കൊയിലാണ്ടിയില്‍ നടന്ന സെമിനാര്‍
കൊയിലാണ്ടി: 1942 ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യത്തോടൊപ്പം, പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വെച്ചതെങ്കില്‍ ഇന്ന് നാം മുന്നോട്ടു വെക്കേണ്ടത് ക്വിറ്റ് മോദി എന്നതിനോടൊപ്പം ക്വിറ്റ് ബിജെപി എന്നു കൂടിയാണെന്ന് തമ്പാന്‍ തോമസ് കൊയിലാണ്ടിയില്‍ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആഗസ്റ്റ് വിപ്ലവത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്വിറ്റ്ഇന്ത്യാ സമര പശ്ചാത്തലം, ലോക രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ വന്ന സാഹചര്യത്തില്‍ ആയിരുന്നെന്നും, സോവിയറ്റ് യൂണിയന്‍ ബ്രിട്ടനോടൊപ്പം നിന്നതോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വലിയ പ്രതിസന്ധി നേരിട്ടെന്നും സെമിനാറില്‍ പങ്കെടുത്തു കൊണ്ട് കെ.വേണു അഭിപ്രായപ്പെട്ടു. ഇന്ന് ലോകം മുഴുവന്‍ വാഴ്ത്തിയ ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുമോ അതോ ഹിന്ദുത്വ രാഷ്ട്രീയത്തെ ഉറപ്പിച്ച് കൊണ്ട് ഒരു മതാധിഷ്ഠിതരാഷ്ട്രമായി നാം മാറുമോ എന്ന ചോദ്യത്തില്‍ ജനാധിപത്യം നിലനില്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും കെ.വേണു പറഞ്ഞു.
ഗാന്ധിജിയുടെ ഒരു ശിഷ്യനെങ്കിലും ഭരണകൂടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ മണിപ്പൂര്‍ സംഭവിക്കുകയില്ലായിരുന്നെന്ന് സെമിനാറില്‍ പങ്കെടുത്തു കൊണ്ട് കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. ക്വിറ്റ് ഇന്ത്യ എന്നത് ആ സമരത്തോടെ അവസാനിപ്പിക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചില്ല. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം അത് വെറും വാക്കുകളായി മാറിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കൂടുതല്‍ തീഷ്ണതയോടെ ഹിന്ദുത്വത്തിനെതിരെ വന്നിരിക്കുകയാണ്. അതാണ് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമിനാറില്‍ ഡോക്ടര്‍ ഇ. ശ്രീജിത്ത്, വിജയരാഘവന്‍ ചേലിയ എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ വര്‍ഗീസ് ജോര്‍ജ് മോഡറേറ്റര്‍ ആയിരുന്നു. കെ.ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി.ടി വിനോദ് സ്വാഗതവും, കെ.പ്രദീപന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.