പിടിച്ചെടുത്തത് 4.9 ഗ്രാം ഹെറോയിന്‍; വടകര സ്വദേശികളടക്കം ആറുപേര്‍ പൊലീസ് പിടിയില്‍


വടകര: ഹെറോയിനുമായി വടകര സ്വദേശികളടക്കം 6 പേരെ മാഹി പോലീസ് പിടികൂടി. വടകര വലിയ വളവിലെ ഷംനാദ് (30), വടകര ചോറോട് മുട്ടുങ്ങല്‍ അഫ്നാമ്പ് (32), തലശ്ശേരി കാവുംഭാഗത്തെ മുനവര്‍ ഫിറോസ് (25), കോഴിക്കോട് മാങ്കാവിലെ അഷറഫ് (39), മാങ്കാവ് വളയനാട് മുഹമ്മദ് റിയാസ് (34), തലശ്ശേരി ചിറക്കരയിലെ അനീഫ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മാഹി മുണ്ടോക്കിലെ സ്വകാര്യ വ്യക്തിയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് വില്‍പ്പനയ്ക്കായി ചെറു പാക്കറ്റുകളില്‍ സൂക്ഷിച്ച 4.9 ഗ്രാം ഹെറോയിന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ക്വാര്‍ട്ടേഴ്സിലെ ഒരു മുറി കേന്ദ്രീകരിച്ച് രാത്രി കാലങ്ങളില്‍ മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷണ്‍മുഖം, എസ്.ഐ റെനില്‍ കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.