ഡോറയുടെ ബാഗും, മഴവിൽ കുടകളും ഒപ്പം പുതിയതായി സ്ഥാനം പിടിച്ച മാസ്ക്കും സാനിറ്റൈസറുകളും; പൊടിപൊടിച്ച് കൊയിലാണ്ടിയിലെ സ്കൂൾ വിപണി


കൊയിലാണ്ടി: സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കാനിരിക്കെ, പൊടിപൊടിച്ച് കൊയിലാണ്ടിയിലെ സ്‌കൂള്‍ വിപണി. കുട്ടികളുടെ ഏറെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾ ബാഗിലും കുടയിലുമെല്ലാം സ്ഥാനം പിടിച്ച് കടകളെല്ലാം വർണ്ണശഭളമാണ്. രണ്ട് വര്‍ഷത്തിന് ശേഷമാണ് കൊറോണയ്ക്ക് മുന്‍പുള്ള ആര്‍ജ്ജവത്തോടെ സ്‌കൂള്‍ വിപണി വീണ്ടും സജീവമാകുന്നത്. അതിന്റെ സന്തോഷത്തിലാണ് കച്ചവടക്കാരും.

ബാഗ്, ചെരിപ്പ്, കുട, പുസ്തകങ്ങൾ തുടങ്ങിയവയോടൊപ്പം മാസ്‌ക്കുകളും, സാനിറ്റൈസറും ഇത്തവണ സ്കൂൾ വിപണിയിൽ അംഗത്വമെടുത്തിട്ടുണ്ട്. മാസ്‌ക്കുകളിലും തങ്ങളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ തിരയുന്ന കുഞ്ഞി കണ്ണുകളെ കാണാം. കൊറോണ പ്രതിസന്ധിയ്ക്ക് ശേഷമുള്ള ഈ തിരക്ക് പുത്തൻ പ്രതീക്ഷകളെകുന്നുവെന്ന് വ്യാപാരികള്‍ പറഞ്ഞു. സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള ദിവസങ്ങളിലും വിപണിയില്‍ തിരക്കു നിലനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വിലവർദ്ധനവ് സ്കൂൾ വിപണിയെയും പിടിച്ചിട്ടുണ്ട്.

ബാഗ്, ചെരുപ്പ്, കുട എന്നിവയുടെ വിലയില്‍ 20 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.  സ്‌കൂള്‍ ബാഗുകള്‍ക്ക് 500 മുതല്‍ 1000 രൂപ വരെ ചെലവാകും. ത്രീഫോള്‍ഡ് കുടകള്‍ക്കും കാലന്‍ കുടകള്‍ക്കും 400 മുതല്‍ 850 രൂപ വരെയാണ് വില. മഴ എത്തിയതോടെ കുട വിപണിയും ഉഷാറായി. വില വര്‍ദ്ധനവ് ബുക്കിലും പേപ്പറിലും ദൃശ്യമാണ്. ബുക്കുകളുടെ വില ഏഴ് രൂപ വരെ കൂടിയിട്ടുണ്ട്. പേനകള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്.

രണ്ടു വർഷങ്ങൾക്കു ശേഷമാണു ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നത്. കുരുന്നുകളെ വരവേൽക്കാനായി സ്കൂളുകളും സജ്ജം. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് വേണം സ്‌കൂള്‍ നടപടികള്‍ നടത്തേണ്ടതെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പുമുണ്ട്.