സന്ദര്‍ശകരില്ലാത്ത മരണവീടുകള്‍ സങ്കല്‍പ്പിക്കാനാവുന്നുണ്ടോ? അത്തരം എത്രയോ മരണനേരങ്ങള്‍ ഈ മരുഭൂമിയില്‍ കഴിഞ്ഞിരിക്കുന്നു | സ്‌കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഷഹനാസ് തിക്കോടി എഴുതുന്നു


ഷഹനാസ് തിക്കോടി

നാട്ടിലെ പ്രിയപ്പെട്ടവരുടെ വിയോഗവാർത്ത പ്രവാസമണ്ണിൽ നിന്നും അറിയേണ്ടി വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ദുഃഖാർദ്ര നിമിഷങ്ങൾ വിവരണാതീതമാണ് . ഏതൊരു പ്രവാസിക്കും ഇത്തരം ഘട്ടങ്ങൾ തരണം ചെയ്യേണ്ടതായി വരാറുണ്ട്. തൊഴിലിടങ്ങളിലെ സങ്കീർണ്ണതകൾക്കിടയിൽ പൊടുന്നനെ എത്തുന്ന ദുഃഖ വാർത്തകളും പേറി ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവരും ഇക്കൂട്ടത്തിൽ ഏറെയുണ്ട്. ഇവിടങ്ങളിൽ താങ്ങും തണലുമായി ഒരു പക്ഷെ സഹമുറിയന്മാർ (ഒപ്പം താമസിക്കുന്നവർ) നൽകുന്ന കരുതൽ ഏറെ പ്രശംസനീയമാണ്. പുറവാസത്തിൽ അനുഭവിക്കേണ്ടി വരുന്ന സങ്കീർണ്ണതയുടെ ഏറ്റവും ഹൃദയഭേദകമായ ഒരു ഘട്ടം തന്നെയാണ് ഈ അവസ്ഥ എന്നതാണ് യാഥാർഥ്യം.

കുടുംബങ്ങൾ ഒപ്പമില്ലാത്തവരെ ബാച്ചിലേഴ്‌സ് എന്ന പദവി നൽകിയാണ് പ്രവാസലോകം വിളിക്കുന്നത്. ഇത്തരം ബാച്ചിലേഴ്‌സ് റൂമുകളിൽ ഒതുക്കിയിട്ട ഇരുമ്പ് കട്ടിലിന്റെ നേരിയ അകലങ്ങളിൽ ഇരുന്ന് ഉറ്റവരുടെ മരണവാർത്തയറിഞ്ഞ് അകത്ത് ഉറയുന്ന സങ്കടച്ചോര അടക്കിപ്പിടിക്കാനാവാതെ സൗഹൃദങ്ങൾ വീർപ്പുമുട്ടുന്നു. സ്വപ്നവും പ്രതീക്ഷയും പേറി കടൽ കടന്നെത്തുന്നവർ ജീവിതം സമർപ്പിക്കുന്നത് ഉറ്റവർക്ക് വേണ്ടിയാണ്. അവരിൽ ചിലരുടെ വിയോഗ വാർത്ത അപ്രതീക്ഷിതമായി എത്തുമ്പോൾ ആശ്വാസവാക്കുകൾ കൊണ്ട് സമാശ്വസിപ്പിക്കാൻ കഴിയാത്ത വിധം പിടഞ്ഞു പോവുന്നത് നിത്യകാഴ്ചകളായി മാറുന്നു.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


മരണമടഞ്ഞവരെ അവസാനമായി ഒരു നോക്കു കാണുക എന്നത് അവർ നമ്മിൽ നിന്നും പിരിഞ്ഞു പോയി എന്ന ഒരു ബോധ്യപ്പെടൽ കൂടിയാണ്. ആ അവകാശം വിധികൊണ്ട് നിഷേധിക്കപ്പെടുന്നവരാണ് പ്രവാസികൾ. ഉറ്റവരിൽ ചിലർക്ക് അത്യാഹിതം സംഭവിച്ച് വെന്റിലേറ്ററിൽ യന്ത്രങ്ങളുടെ നിരന്തര ജാഗ്രതയിൽ ഇരുലോകങ്ങളുടെ നൂൽപ്പാലത്തിൽ തൂങ്ങി നിൽക്കുന്ന ജീവിതങ്ങളുടെ ഹൃദയമിടിപ്പും ഫോൺ കോളിലൂടെ വാർത്തയായി ഇവിടങ്ങളിലെ ബന്ധുക്കൾക്കരികിലെത്തുന്നു. എങ്കിലും തളരാതെ അനിവാര്യമായ നിത്യജീവിത ചക്രത്തെ കറക്കാൻ വിധിക്കപ്പെട്ടവനാണ് പ്രവാസി.

ഇവ്വിധം പ്രതിസന്ധികളെ തരണം ചെയ്യാതെ ഒരു ജനത തിരിച്ചോടി പോയിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് കാണുംവിധം വികസനം സാധ്യമാകില്ലായിരുന്നു. ഇത്തരം നൈരാശ്യങ്ങളെ താങ്ങാനാവാതെ തൊഴിലിടങ്ങളിലെ ഇരുണ്ട ഗോവണിയുടെ കൈവരികളിൽ ആയുസ്സ് തൂകി തീർത്തവരുടെ എണ്ണമെടുത്താൽ ആ കണക്കും നമ്മെ വിസ്മയിപ്പിക്കും. അതിന്റെ പിന്നാമ്പുറങ്ങളിൽ നിന്നും പറഞ്ഞുറയുന്ന കഥകൾ ഇതേ വരെ വായിച്ചറിഞ്ഞ ഏതു കഥകളെയും റദ്ദ് ചെയ്യുംവിധം അസാധാരണവും ജീവിതപ്പറ്റുള്ളതുമാണ്.

അവിചാരിതമായി മരണവാർത്ത തേടിയെത്തിയ ഒരു കുടുംബത്തിനൊപ്പം കഴിഞ്ഞദിനം ഉണ്ടായിരുന്നു. വിസ്മരിക്കാൻ ആവാത്ത വിധം ഹൃദയ ഭേദകമായിരുന്നു ആ സമയം. സുഹൃത്തുക്കളും ബന്ധുക്കളും ആശ്വാസവാക്കുകളുമായി അവിടെയെത്തി. അവിടത്തെ കാഴ്ചകൾ നാട്ടിലെ മരണവീടുകളെ ഓർമപ്പെടുത്തി.

നാട്ടില്‍ അന്ത്യകർമങ്ങൾ കഴിഞ്ഞ് വീട് സന്ദർശിക്കുക എന്നത് ഏറെ പ്രാധാന്യമേറിയ ഒന്നാണ്.
ചെറിയുള്ളി മുറിച്ചിട്ട പഞ്ചസാര വെള്ളമാണ് മരണവീടുകളിലെ പാനീയങ്ങളിൽ ഉചിതമായതെന്ന് അത്തരം വീടുകളുടെ ദുഃഖഛവികളോട് ഒട്ടിനിന്ന് അത് കുടിക്കേണ്ടി വന്നപ്പോളൊക്കെ തോന്നിയിട്ടുണ്ട്. വീട്ടുകാരല്ലാത്ത ആരൊക്കെയോ അതുമായി നമുക്ക് മുന്നിലേക്ക് വരും. വേണമെങ്കിൽ വാങ്ങി കുടിക്കാം, നിർബന്ധമില്ല. കുടിക്കുകയാണെങ്കിൽ അറിയാതെ പല്ലുകൾക്കിടയിൽ അകപ്പെട്ടു ചതയുന്ന ഒരു തുണ്ട് ചെറിയ ഉള്ളി പരേതനെക്കുറിച്ച് നമ്മെ ചിലത് ഓർമ്മിപ്പിക്കും.ഒരൊറ്റ നിമിഷത്തേക്ക് അത്രക്ക് ഘനീഭവിച്ചു പോവുന്ന അവസ്ഥയോളം വരില്ല ഒരു അനുശോചനവും റീത്ത് സമർപ്പണവും


.‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിലേക്ക് നിങ്ങൾക്കും ഓർമ്മകൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ഈയിടെ നാം ദിനേന ഉപയോഗിക്കുന്ന വാക്കുകളിൽ ഏറെയും പ്രണാമം എന്നോ ആദരാഞ്ജലി എന്നോ ആണ്. ഇത് തുന്നിവച്ച് പല ജീവിതങ്ങളെയും നാം തിരിച്ചയച്ചുകൊണ്ടിരിക്കുന്നു. ഓരോ മരണവാർത്ത എത്തുമ്പോഴും അവരുടെ പ്രായവും ആരോഗ്യവും കൂടി നാം അളക്കുന്നു. അതൊരു മനോരോഗമായി നമ്മിൽ വികസിക്കുന്നു. എന്നെക്കാളും പ്രായം കുറഞ്ഞൊരാൾ, എന്നെക്കാളും ആരോഗ്യമുള്ളൊരാൾ കടപ്പുഴകി എന്ന വാർത്തക്ക് മുൻപിൽ ദൈവമേ, ഞാൻ ഒളിച്ചിരിക്കുന്ന മട നീ മരണത്തിനു കാണിച്ചില്ലല്ലോ എന്ന് ഓരോരുത്തരും അകമേ കരയുന്നു. നെഞ്ചടുപ്പിലെ തീ അണയുന്ന ഒരു കാലമാണ് നമ്മുടെ പ്രതീക്ഷ. കോടിക്കണക്കിനു ജീവജാലങ്ങളിൽ, പ്രകൃതിക്ക് മനുഷ്യനെ കൊല്ലാനാണ് എളുപ്പം. എന്നിട്ടും കരുണയുടെ ഒരു നാട്ടുവഴി നമുക്ക് മുന്നിൽ പ്രതീക്ഷയായി ഉണ്ടെന്നതാണ് നമ്മുടെ വിശ്വാസം.


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


നാട്ടിലെ മരണളില്‍ നിന്ന് വ്യത്യസ്തമാണ് പ്രവാസമണ്ണിലെ മരണങ്ങള്‍. നാല് പെണ്മക്കളിൽ അവസാനത്തേതിന്റെ കല്ല്യാണരാത്രിയിലാണ് തൊട്ടടുത്ത റൂമിലെ അസ്സുക്ക എന്ന പാലക്കാട്ടുകാരൻ ഇരട്ടക്കട്ടിലിന്റെ അടിയിൽ ഹൃദയംപൊട്ടി സ്വയം നിലച്ചത്. സന്ദർശകർ ഇല്ലാത്ത മരണ വീട് നിങ്ങൾ സങ്കല്പിച്ചു നോക്കൂ. ആ വിധം അനാഥമായ എത്രയോ മരണ നേരങ്ങൾ ഈ മരുഭൂമിയിൽ കഴിഞ്ഞു പോയിരിക്കുന്നു.

ജോലി എന്നത് ഇവിടെ അനിവാര്യതയാണ്. അതിനിടയിൽ വന്നുപെടുന്ന മരണ വാർത്തകൾക് ഇവിടെ സ്ഥാനമില്ല.മരണപെട്ടവർ പരിഭവിക്കില്ല കാരണം അവർ കൂടി കടന്നു പോയ വഴികളിൽ ആ മൗനനേരം നിലനിന്നിരുന്നു എന്നത് കൊണ്ട് തന്നെ. ഒടുവിൽ അസ്സുകയു ടെ മൃതദ്ദേഹത്തിനൊപ്പം നാട്ടിലേക്കയക്കാനുള്ള ശുഷ്കഭാണ്ഡത്തിൽ സഹ മുറിയന്മാർ വീതമിട്ടുവാങ്ങിയ ഒരു സ്വർണ്ണ മോതിരം മാത്രമേ ഇത്തിരിയെങ്കിലും വിലപിടിച്ചതുണ്ടായിരുന്നുള്ളൂ.

തൊഴിലിടങ്ങളിൽ പ്രവാസികൾ അനുഭവിക്കുന്ന മാനുഷിക നിരാസങ്ങൾ അത്ര ചെറുതല്ല.വർണ്ണാഭമായ ജീവിത കാഴ്ചകളാൽ ഇത്തരം സന്ദർഭങ്ങൾ തിരശ്ലീലക്ക് പിന്നിൽ ആണെന്ന് മാത്രം.അതാണ് കാഴ്ചയുടെ ഇന്ദ്രജാലം.


ഷഹനാസ് തിക്കോടി എഴുതിയ ഈ ഓർമ്മക്കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…