തകർന്ന മേൽക്കൂരയുള്ള വഞ്ചികളിൽ മത്സ്യത്തൊഴിലാളികൾ; ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ വഞ്ചികളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്‌ (വീഡിയോ കാണാം)


കൊയിലാണ്ടി: ഹാർബറിൽ നിന്ന് മീൻ പിടിക്കാൻ പോയ വഞ്ചികളുടെ മേൽക്കൂര തകർന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. പുറങ്കടലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. കടലിൽ വീശിയ അതിശക്തമായ കാറ്റിലാണ് വഞ്ചികളുടെ മേൽക്കൂര തകർന്നത്.

വെള്ളിയാഴ്ച രാവിലെയാണ് മീന്‍ പിടിക്കാനായി ബോട്ടുകള്‍ കടലില്‍ പോയത്. ആഞ്ഞുവീശിയ കാറ്റില്‍ രണ്ട് ബോട്ടുകളുടെയും പന്തലുകള്‍ നശിക്കുകയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെ കടലില്‍ വച്ചായിരുന്നു സംഭവമെന്ന് ഹാര്‍ബറിലെ തൊഴിലാളിയായ മണിക്കുട്ടന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മേല്‍ക്കൂര തകര്‍ന്നതൊഴിച്ചാല്‍ മറ്റ് അനിഷ്ടങ്ങളോ തൊഴിലാളികള്‍ക്ക് പരിക്കോ ഇല്ല. മേല്‍ക്കൂരയിലെ ഷീറ്റിന് നാല്‍പ്പതിനായിരം രൂപയോളമാണ് വില. ഓരോ വഞ്ചിക്കും രണ്ട് ലക്ഷം രൂപ വീതം നഷ്ടമാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വഞ്ചികളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. കടം വാങ്ങിയ പണം കൊണ്ടാണ് പണി നടത്തുന്നത്. അറ്റകുറ്റപ്പണി ഉടന്‍ നടത്തിയാലേ അടുത്തദിവസം തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയൂ. സര്‍ക്കാറില്‍ നിന്നുള്ള സഹായത്തിനായി കാത്ത് നിന്നാല്‍ കടലില്‍ പോകാന്‍ കഴിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

വീഡിയോ കാണാം: