ശക്തമായ കാറ്റ്; കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ രണ്ട് വഞ്ചികളുടെ മേല്‍ക്കൂര പുറങ്കടലില്‍ വച്ച് തകര്‍ന്നു


കൊയിലാണ്ടി: ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ രണ്ട് വഞ്ചികളുടെ മേല്‍ക്കൂര തകര്‍ന്നു. മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള വൃന്ദാവനം, കര്‍ണ്ണന്‍ എന്നീ വഞ്ചികളുടെ മേല്‍ക്കൂരയാണ് അതിശക്തമായ കാറ്റിനെ തുടര്‍ന്ന് പുറങ്കടലില്‍ വച്ച് തകര്‍ന്നത്.

വെള്ളിയാഴ്ച രാവിലെയാണ് മീന്‍ പിടിക്കാനായി ബോട്ടുകള്‍ കടലില്‍ പോയത്. ആഞ്ഞുവീശിയ കാറ്റില്‍ രണ്ട് ബോട്ടുകളുടെയും പന്തലുകള്‍ നശിക്കുകയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെ കടലില്‍ വച്ചായിരുന്നു സംഭവമെന്ന് ഹാര്‍ബറിലെ തൊഴിലാളിയായ മണിക്കുട്ടന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മേല്‍ക്കൂര തകര്‍ന്നതൊഴിച്ചാല്‍ മറ്റ് അനിഷ്ടങ്ങളോ തൊഴിലാളികള്‍ക്ക് പരിക്കോ ഇല്ല. മേല്‍ക്കൂരയിലെ ഷീറ്റിന് നാല്‍പ്പതിനായിരം രൂപയോളമാണ് വില. ഓരോ വഞ്ചിക്കും രണ്ട് ലക്ഷം രൂപ വീതം നഷ്ടമാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വഞ്ചികളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. കടം വാങ്ങിയ പണം കൊണ്ടാണ് പണി നടത്തുന്നത്. അറ്റകുറ്റപ്പണി ഉടന്‍ നടത്തിയാലേ അടുത്തദിവസം തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയൂ. സര്‍ക്കാറില്‍ നിന്നുള്ള സഹായത്തിനായി കാത്ത് നിന്നാല്‍ കടലില്‍ പോകാന്‍ കഴിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.