പയ്യോളി ഭാഗത്തെ വെള്ളക്കെട്ട്; തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയർമാര്‍, ദേശീയപാത അതോറിറ്റി, വഗാഡ് കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗം വിളിക്കും


പയ്യോളി: ദേശീയപാതയിൽ പയ്യോളി ഭാഗത്തെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പയ്യോളി നഗരസഭ, തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകൾ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാറെടുത്ത വഗാഡ് കമ്പനിയുടെ ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. പയ്യോളി-വടകര ഭാഗത്ത്‌ ദേശീയ പാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പയ്യോളി മുൻസിപ്പാലിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓവുചാൽ സംബന്ധിച്ച പ്രശ്നമാണ് യോഗം ചർച്ച ചെയ്യുക. ദേശീയപാത വീതി കൂട്ടിയപ്പോൾ നിർമ്മിച്ച ഓവുചാൽ നേരത്തെയുള്ള ഓവുചാലുമായി ബന്ധിപ്പിച്ചിട്ടുണ്ടോ, അലൈൻമെന്റ് ശരിയായ രീതിയിലാണോ എന്നീ കാര്യങ്ങളൊക്കെ എൻജിനീയർമാരുടെ യോഗം പരിശോധിക്കും. ദേശീയപാത വികസന പദ്ധതി ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാറും പങ്കാളികൾ ആയുള്ള പദ്ധതിയാണെന്നും അതിന് നാഥനില്ലാത്ത അവസ്ഥ ഇല്ലെന്നും കലക്ടർ ചൂണ്ടിക്കാട്ടി.

തിരുവങ്ങൂർ മുതൽ മൂരാട് വരെ റോഡിലുള്ള കുഴികൾ അടിയന്തരമായി അടയ്ക്കാനും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. കരാർ കമ്പനിയുടെ നന്തിയിലുള്ള തൊഴിലാളികളുടെ ക്യാമ്പിൽനിന്ന് മലിനജലം തുറന്നു വിടുന്നത് നാട്ടുകാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിഷയത്തിൽ കമ്പനി പരിഹാരം കാണണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

ദേശീയപാതയിൽ വലിയ പ്രശ്നം അഭിമുഖീകരിക്കുന്ന സമയമാണെന്ന് യോഗത്തിൽ സംസാരിച്ച കാനത്തിൽ ജമീല എംഎൽഎ ചൂണ്ടിക്കാട്ടി. വഗാഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് വലിയ പ്രശ്നം. ഓവുചാലിന്റെ പ്രശ്നവും സർവീസ് റോഡ് സംബന്ധിച്ച പരാതികളും പരിഹരിച്ച് വെള്ളക്കെട്ട് ഒഴിവാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

നമ്മുടെ കാലാവസ്ഥ അനുസരിച്ചല്ല ദേശീയപാത വീതികൂട്ടൽ പ്രവൃത്തിയുടെ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കിയതെന്ന് പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി കെ അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി. മൂരാട് ഓയിൽ മില്ലിന് സമീപത്തെ അടിപ്പാതയിൽ മുഴുവൻ വെള്ളക്കെട്ടാണ്. പയ്യോളി ടൗണിൽ ടോൾഗേറ്റ് മുൻവശവും പടിഞ്ഞാറ് വശവും ബസ്റ്റാൻഡ് മുന്നിലും വെള്ളക്കെട്ടാണ്. പെരുമാൾപുരത്ത് അഞ്ചിലേറെ വീടുകൾ വെള്ളത്തിൽ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എത്തുമ്പോൾ ജനങ്ങൾ എതിര്‍ത്താല്‍ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. യോഗത്തിൽ തിക്കോടി, മൂടാടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഡെപ്യൂട്ടി കളക്ടർ (എൽഎ) ഷാമിൻ സെബാസ്റ്റ്യൻ, ദേശീയപാത അതോറിറ്റി, വഗാഡ് കമ്പനി ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.