വിവരാവകാശ അപേക്ഷയ്ക്ക് നിയമാനുസൃതം മറുപടി നല്‍കിയില്ല; തിക്കോടി സ്വദേശിയുടെ പരാതിയില്‍ കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ കമ്മീഷന്റെ താക്കീത്



തിക്കോടി: വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ നിയമാനുസൃതം മറുപടി നല്‍കാത്ത തിക്കോടിയിലെ മുന്‍ കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ കമ്മീഷന്റെ താക്കീത്. തിക്കോടി കെ.എസ്.ഇ.ബിയിലെ സീനിയര്‍ സൂപ്രണ്ടായിരുന്ന കെ.ഹരീഷിനെയാണ് കോടതി താക്കീത് ചെയ്തത്. തിക്കോടി സ്വദേശി പടിഞ്ഞാറെ ചെറിയ പറമ്പത്ത് എം.കെ.ബിനു നല്‍കിയ പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ നടപടി.

വീട്ടില്‍ സോളാര്‍ വെക്കാന്‍ വേണ്ടി 1190 രൂപ 2020ല്‍ ബിനു കെ.എസ്.ഇ.ബിയില്‍ അടച്ചിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സോളാര്‍ വെക്കാത്തതിനാല്‍ ഈ തുക കറണ്ട് ബില്ലില്‍ വകയിരുത്തി തരണമെന്ന് ആവശ്യപ്പെട്ട് 2022 ജനുവരി മൂന്നിന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ യാതൊരു നടപടിയും എടുക്കാതായതോടെ 2022 ജൂലൈ 20ന് ബിനു അപേക്ഷയില്‍ സ്വീകരിച്ച നടപടിയുടെ ഫയലിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കുകയായിരുന്നു.

ഈ അപേക്ഷയില്‍ വടകര എഞ്ചിനിയര്‍ക്ക് അയച്ച ഒരു കത്തിന്റെ കോപ്പി മാത്രമാണ് ബിനുവിന് നല്‍കിയത്. അപ്പീല്‍ അധികാരിയുടെ പേരോ അഡ്രസ്സോ, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പേരോ ഒപ്പോ ഒന്നുമില്ലായിരുന്നു. ഇതിനെതിരെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും അതിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ബിനു വിവരാവകാശ കമ്മീഷന് പരാതി നല്‍കിയത്.

തുടക്കത്തിലുള്ള പരിചയക്കുറവും അറിവില്ലായ്മയും കൊണ്ട് മാത്രമാണ് അപേക്ഷയില്‍ അപ്പീല്‍ അധികാരിയുടെയും ഓഫീസറുടെയും പേരും വിലാസവും നല്‍കാതിരുന്നതെന്നാണ് വിവരാവകാശ കമ്മീഷന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. ഈ സാഹചര്യത്തിലാണ് വിവരാവകാശ കമ്മീഷനെ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കിയത്.

ബിനു അടച്ച തുകയില്‍ നിന്നും ജി.എസ്.ടിയും ഫ്‌ളഡ് സെസ്സും ഒഴികെയുള്ള അപേക്ഷാ ഫീസായ 1000 രൂപ കറണ്ട് ബില്‍ തുകയില്‍ വകയിരുത്തി കൊടുത്തതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.