ഗവിയിലേക്കാണോ ? എന്നാ ‘ഗംഗ ഇപ്പോ പോവണ്ട’; ഗവിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം. പത്തനംതിട്ട ജില്ലയിലെ എക്കോ ടൂറിസം കേന്ദ്രമായ ഗവിയിലാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വനംവകുപ്പിന്റെ പാക്കേജില്‍ വരുന്നവര്‍ ഒഴികെയുള്ള സഞ്ചാരികള്‍ക്കാണ് നിയന്ത്രണം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇവിടേക്കുള്ള ബുക്കിങ്ങും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഗവിക്ക് പുറമേ പൊന്‍മുടി, ആതിരപ്പള്ളി വാഴച്ചാല്‍ ഉള്‍പ്പെടെയുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പൊന്മുടി എക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര നിരോധിച്ചിരിക്കുകയാണ്.
മാത്രമല്ല ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് വെള്ളച്ചാട്ടങ്ങള്‍ക്കും ജലാശയങ്ങള്‍ക്കും സമീപത്തുള്ള പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.