സ്വര്‍ണ്ണമാല കളഞ്ഞ്‌പോയതറിയാതെ കൊയിലാണ്ടി സ്വദേശിനി; കളഞ്ഞ്കിട്ടിയ മാല അന്വേഷിച്ച് ഭദ്രമായി ഉടമയെ തിരിച്ചേല്‍പ്പിച്ച് മാതൃകകാട്ടി പുറക്കാട് സ്വദേശിയായ സുജിത്ത്


കൊയിലാണ്ടി: കളഞ്ഞു കിട്ടിയ രണ്ടു പവനോളം വരുന്ന സ്വര്‍ണാഭരണം തിരിച്ചു നല്‍കി യുവാവ് മാതൃകയായി. പുറക്കാട് സ്വദേശിയായ സുജിത്ത് ആണ് സമയോജിതമായി ഇടപെട്ട് മാതൃക കാണിച്ചിരിക്കുന്നത്. കൊയിലാണ്ടി നഗരമധ്യത്തില്‍ വെച്ചാണ് സംഭവം. ഇന്നലെ വൈകീട്ട് ചായകുടിക്കാനായി കൊയിലാണ്ടി സ്‌റ്റേഡിയത്തിന് സമീപത്തെ ചായക്കടയില്‍ എത്തിയതായിരുന്നു സെയ്ബ ഗോര്‍ഡ് ആന്‍ഡ് ഡയമന്‍ഡ്‌സിലെ ജീവനക്കാരനായ സുജിത്ത്.

ചായകുടിച്ചുകൊണ്ടിരിക്കെയാണ് നിലത്ത് വീണുകിടക്കുന്ന ലോക്കറ്റോട് കൂടിയ സ്വര്‍ണ്ണമാല ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ തന്നെ മാല എടുത്ത് കടയുടമയോട് വിവരം അറിയിച്ചു. കുറച്ച് സമയം മുന്‍പ് കുറച്ച് സ്ത്രീകള്‍ ചായകുടിക്കാനായി എത്തിയിരുന്നെന്ന് കടയുടമ പറഞ്ഞതോടെ സുജിത്ത് ഉടനെ തന്നെ ഇവരെ അന്വേഷിച്ചിറങ്ങുകയായിരുന്നു.

സമീപത്ത് തന്നെ കുറച്ച് സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ട് അവരോട് കാര്യം തിരക്കുകയും അപ്പോള്‍ അവരിലൊരാളുടെ സ്വര്‍ണ്ണമാലയാണ് നഷ്ടമായതെന്നും മനസ്സിലാക്കി ഉടമയ്ക്ക് തന്നെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. രണ്ട് പവനോളം വരുന്ന മാലയാണ് സുരക്ഷിതമായി സുജിത്ത് തിരിച്ചേല്‍പ്പിച്ചത്. സ്വര്‍ണ്ണവില കുതിച്ചുയരുന്ന ഈ കാലത്ത് മാല വീണത് ശ്രദ്ധയില്‍പ്പെടാതെ പോവുകയായിരുന്ന കൊയിലാണ്ടി സ്വദേശിനിയെ അന്വേഷിച്ചിറങ്ങി തിരിച്ചേല്‍പ്പിച്ച സുജിത്ത് സമൂഹത്തിന് മാതൃകയാണ്.