വിനയം: വിശ്വാസിയുടെ മുഖമുദ്ര | റമദാൻ സന്ദേശം 16 – എം.പി.തഖിയുദ്ധീൻ ഹൈതമി


റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

വിശ്വാസിയുടെ വിജയത്തിന്റെ രഹസ്യമാണ് വിനയം.സാമ്പത്തികവും ശാരീരികവുമായ കഴിവുകൊണ്ട് താൻ മറ്റുള്ളവരെക്കാൾ മുകളിലല്ല എന്നും എന്നെക്കാൾ മുകളിൽ ഒരുപാട് പേരുണ്ട് എന്നുമുള്ള ധാരണ വിശ്വാസിക്കുണ്ടാവണം.സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരോട് വിനയപൂർവ്വം പെരുമാറാൻ നമുക്ക് സാധിക്കണം.വിനയം പ്രസന്നതയാണ്.വിനയാന്വിതരായ ആളുകളിലേക്ക് മാത്രമേ മറ്റുള്ളവർ ആകർഷിക്കപ്പെടുകയുള്ളൂ.

വിശുദ്ധ ഖുർആനിലൂടെ അല്ലാഹു തആല അതുതന്നെയാണ് നമ്മെ ത്വര്യപ്പെടുത്തുന്നത്.തന്റെ സഹോദരനോട് താഴ്മ കാണിക്കുന്നവനെ അല്ലാഹു ഉന്നതനാക്കുകയും, അഹങ്കാരം നടിക്കുന്നവനെ അല്ലാഹു ഇകഴ്ത്തുകയും ചെയ്യും.അഹങ്കാരം നടിക്കുക എന്നുള്ളത് കപടവിശ്വാസിയുടെ അടയാളമാണ്.അതുകൊണ്ടുതന്നെ അതിനുള്ള ശിക്ഷ അതികഠിനമായിരിക്കും.ഇവിടെ നാം മറ്റുള്ളവരോട് താഴ്മയോടുകൂടെ പെരുമാറുകയാണ് ചെയ്യേണ്ടത് അതുതന്നെയാണ് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായതും.

ലോകത്ത് സമ്പൂർണ്ണനെന്ന് അവകാശപ്പെടാൻ അർഹതയുളള ഏക വ്യക്തിത്വം മുഹമ്മദ് നബി (സ്വ)യാണ്.എന്നിട്ടും തിരുനബി (സ) കാണിച്ച വിനയത്തിന്റെ മാതൃക നമ്മുടെ ജീവിതത്തിൽ പകർത്തേണ്ടതുണ്ട്. ഒരിക്കല്‍ നബി (സ്വ)യും അനുചരന്മാരും ഒരു യാത്രാവേളയില്‍ വിശ്രമത്തിനായി ഒരിടത്ത് തമ്പടിച്ചു. ഒരാടിനെ അറുത്ത് പാകം ചെയ്യാന്‍ തീരുമാനിച്ചു. സ്വഹാബികളില്‍ ഒരാള്‍ പറഞ്ഞു. മൃഗത്തെ അറുക്കുന്ന കാര്യം ഞാന്‍ ചെയ്യാം. മറ്റൊരു സ്വഹാബി പറഞ്ഞു. ഇറച്ചി ഞാന്‍ വൃത്തിയാക്കിത്തരാം. മറ്റൊരാള്‍ പറഞ്ഞു. ഞാനാണത് പാകം ചെയ്യുക.

ഇങ്ങനെ ഓരോ ജോലിയും ഓരോരുത്തരായി ഏറ്റെടുത്തു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: എന്നാല്‍ ഞാനാണ് വിറക് കൊണ്ടുവരിക. അനുചരന്മാര്‍ അത് വേണ്ടെന്ന് പറഞ്ഞെങ്കിലും നബി (സ്വ) അവരോട് പറഞ്ഞു. സ്വഹാബികളേ, വിറക് കൊണ്ടുവരുന്ന കാര്യം നിങ്ങള്‍ ചെയ്യുമെന്ന് എനിക്കറിയാം. പക്ഷേ ഇത് ഞാനാണ് ചെയ്യുക. കാരണം നിങ്ങളെക്കാള്‍ ഉയര്‍ന്നവനായി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സുഹൃത്തുക്കളേക്കാള്‍ സ്വയം ഉയര്‍ന്നവനായി നടക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. ഇതും പറഞ്ഞ് നബി (സ്വ) വിറക് ശേഖരിക്കാന്‍ പോയി. വലിയ നേതാവായിട്ടും ഇരിപ്പിടത്തിലിരുന്ന് അണികളോട് കല്‍പ്പിക്കുന്നതിന് പകരം അവിടുന്ന് ചെയ്തത് എത്രമാത്രം താഴ്മ നിറഞ്ഞ പ്രവര്‍ത്തനമാണെന്ന് ഓര്‍ത്തുനോക്കൂ.

വിശ്വാസിയായ ഒരു മനുഷ്യൻറെ ജീവിതത്തിൻറെ നിഖില മേഖലകളിലും വിനയം സാധ്യമാകണം.എങ്കിൽ മാത്രമേ ആത്യന്തികമായ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ.അല്ലാതെ ചുറ്റുപാടുകളെ മറന്നു സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുമ്പോൾ ഇസ്ലാമിക സംസ്കൃതിയുടെ ഉദാത്തമായ സന്ദേശത്തെ ഉയർത്തിപ്പിടിക്കാൻ സാധിക്കുകയില്ല.സച്ചരിതരായ നമ്മുടെ മുൻഗാമികൾ എല്ലാവരും തന്നെ വിനയം കൈമുതലാക്കി ജീവിച്ചവരായിരുന്നു.ജീവിതത്തിൽ വിനയം അടയാളപ്പെടുത്തി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ- ആമീൻ.


മുൻപ് പ്രസിദ്ധീകരിച്ച റമദാൻ സന്ദേശങ്ങൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…