അഹങ്കാരം: ദുഃസ്വഭാവത്തിന്റെ പ്രകടഭാവം | റമദാൻ സന്ദേശം 10 – എം.പി.തഖിയുദ്ധീൻ ഹൈതമി


സ്വന്തത്തെ മഹത്വവൽക്കരിക്കുകയും മറ്റുള്ളവരെ ഇകഴ്ത്തി കാണുകയും ചെയ്യുന്ന സ്വഭാവമാണ് ഖിബ്ർ (അഹങ്കാരം) എന്നു പറയുന്നത്.മനസ്സിനെ മലിനപ്പെടുത്തുന്ന അനേകം ദുർഗുണങ്ങളിൽ ഒന്നാണ് ഇതും.അറിവ്, ഉന്നത സ്ഥാനം, സൗന്ദര്യം, കുടുംബ മഹിമ, എന്നിവ കൊണ്ട് ഉന്നതരായവർ അവരെക്കാൾ താഴെയുള്ളവരെ നിസ്സാരവൽക്കരിക്കുന്ന പ്രവണത ഇന്ന് വളരെ കൂടുതലാണ്.തന്നിലുള്ള ഏതൊരു കഴിവും മേന്മയും അല്ലാഹു നൽകിയതാണെന്നും അവൻ തന്നെ ഏത് സമയവും അത് തിരിച്ചെടുത്തേക്കാം എന്ന ബോധ്യവുമുള്ള ഒരാൾക്ക് അഹങ്കരിക്കാൻ സാധ്യമല്ല.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രഗൽഭരായ നാലു ഖലീഫമാർക്കു ശേഷം ഇസ്ലാമിക ലോകം നിയന്ത്രിച്ച മഹാനായ ഉമറുബ്നു അബ്ദുൽ അസീസ് (റ) വിനയത്തിന്റെ പ്രതീകമായിരുന്നു. അദ്ദേഹം ഭരണാധികാരിയായിരിക്കെ ഒരു വ്യക്തി മഹാനവർകളുടെ അതിഥിയായി കടന്നു വരികയുണ്ടായി.ആ സമയം ഖലീഫ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.അടുത്തിരിക്കുന്ന വിളക്ക് അണയാറായതു കണ്ടപ്പോൾ അതിഥി പറഞ്ഞു വിളക്ക് ഞാൻ കത്തിക്കട്ടെയോ? അപ്പോൾ ഖലീഫയുടെ മറുപടി ഇങ്ങനെയായിരുന്നു; അതിഥിയെ കൊണ്ട് ജോലി എടുപ്പിക്കൽ ഒട്ടും മാന്യതയല്ലല്ലോ.

ഇതുകേട്ട അതിഥി വീണ്ടും ചോദിച്ചു: എങ്കിൽ അങ്ങയുടെ അടിമയെ ഞാൻ ഉണർത്തട്ടെയോ?അതിനു ഖലീഫ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു;അതുവേണ്ട അവനിപ്പോൾ ഉറങ്ങിയിട്ടേ ഉള്ളൂ. ശേഷം ഖലീഫ തന്നെ എഴുന്നേറ്റു പോയി എണ്ണയൊക്കെ നിറക്കുകയും വിളക്ക് കത്തിക്കുകയും ചെയ്തു.അത്ഭുതപരതന്ത്രനായ അതിഥി കൗതുകത്തോടെ ചോദിച്ചു;അമീറുൽ മുഅ്മിനീൻ,അങ്ങു തന്നെയാണോ ഈ ജോലിയൊക്കെ എടുക്കാറുള്ളത്? അതിഥിയുടെ ചോദ്യത്തിനു മുന്നിൽ വിനയാന്വിതനായ ഖലീഫ മറുപടി പറഞ്ഞു;ഇതിൽ എന്താണിത്ര അത്ഭുതപ്പെടാൻ.ഞാൻ വിളക്കിൽ എണ്ണയൊഴിക്കാൻ എഴുന്നേറ്റപ്പോഴും ഉമറായിരുന്നു,തിരിച്ചുവന്നപ്പോഴും ഞാൻ ഉമർ തന്നെ.

ഈ സംഭവത്തിൽ നിന്നും നമുക്ക് ഏറെ പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്.സ്ഥാന ലബ്ധികൊണ്ടും കുടുംബ മഹിമ കൊണ്ടുമെല്ലാം ഏറെ ഉന്നതനായ ഉമറുബ്നു അബ്ദുൽ അസീസ് (റ) ഒരു ദേശത്തിന്റെ ഭരണാധികാരിയായിരുന്നിട്ടു പോലും തന്റെ കാര്യങ്ങളെല്ലാം സ്വന്തമായിട്ടായിരുന്നു ചെയ്തിരുന്നത്.അഹങ്കാരത്തോടു കൂടെ അടിമകളെ പ്രയാസപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.ഒരു സത്യവിശ്വാസിയുടെ മനസ്സ് അഹങ്കാരത്തിൽ നിന്നും ശുദ്ധീകരിച്ചതായിരിക്കണം.ജീവിത ചുറ്റുപാടുകളിൽ നമ്മളെക്കാൾ താഴെയുള്ളവരെ കാണുമ്പോൾ അവരെ സഹായിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യണം.അതാണ് ഇസ്ലാമിന്റെ സൗന്ദര്യം.


മുൻപ് പ്രസിദ്ധീകരിച്ച റമദാൻ സന്ദേശങ്ങൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…