‘ജലാശയങ്ങൾ സംരക്ഷിക്കുക’; സി.പി.എമ്മിന്റെ നേതൃത്വത്തിൽ പുളിയഞ്ചേരി കുളം ശുചീകരിച്ചു (വീഡിയോ)


കൊയിലാണ്ടി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ കുളം ശുചീകരിച്ചു. സി.പി.എമ്മിന്റെ ആനക്കുളം ലോക്കലിന് കീഴിലുള്ള മുണ്ട്യാടിത്താഴെ ബ്രാഞ്ചിലെ പുളിയഞ്ചേരി കുളമാണ് പാർട്ടി പ്രവർത്തകർ ശുചീകരിച്ചത്.

പായൽ നിറഞ്ഞ് ഇറങ്ങാൻ കഴിയാത്ത നിലയിൽ അപകടാവസ്ഥയിലായിരുന്നു പുളിയഞ്ചേരി കുളം. സി.പി.എം ആനക്കുളം ലോക്കൽ സെക്രട്ടറി കെ.ടി.സിജേഷ്, നാലാം വാർഡ് കൗൺസിലർ വി.രമേശൻ മാസ്റ്റർ, എം.കെ.ബാബു, സുരേഷ് എ.കെ, സിനേഷ് കെ.ടി, വലിയാട്ടിൽ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം നടന്നത്.

കൊയിലാണ്ടി നഗരസഭയിലെ മൂന്നാം വാര്‍ഡിലാണ് പുളിയഞ്ചേരി കുളം സ്ഥിതി ചെയ്യുന്നത്. മുന്‍ എം.എല്‍.എ കെ.ദാസന്റെ തനത് ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്. സ്വകാര്യ വ്യക്തി വിട്ടുകൊടുത്ത നഗരസഭയ്ക്ക് വിട്ടുകൊടുത്ത ഒരേക്കറോളം ഭൂമിയില്‍ 45 സെന്റോളം സ്ഥലത്താണ് പുളിയഞ്ചേരി കുളം സ്ഥിതി ചെയ്യുന്നത്. ബാക്കി സ്ഥലത്ത് ആയുര്‍വ്വേദ ആശുപത്രിയും മൃഗാശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്.

പതിറ്റാണ്ടുകളോളം ജനങ്ങള്‍ കുളിക്കാനായി ഉപയോഗിച്ചിരുന്ന കുളമാണ് ഇത്. നഗരസഭ ഏറ്റെടുത്ത ശേഷമാണ് പുളിയഞ്ചേരി കുളം നീന്തല്‍കുളമാക്കി മാറ്റിയത്. നീന്തല്‍ പരിശീലനത്തിനായി കൊല്ലം ചിറയെയും പന്തലായനി തേവര്‍കുളത്തെയും ആശ്രയിക്കേണ്ടി വന്നിരുന്ന പ്രദേശത്തെ കുട്ടികള്‍ക്കാണ് പ്രധാനമായി ഇതിന്റെ പ്രയോജനം ലഭിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് കുളം നവീകരിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചത്.

കുളത്തിന്റെ ആഴം കുറഞ്ഞ പകുതിയോളം ഭാഗമാണ് കുട്ടികളുടെ നീന്തൽ പരിശീലനത്തിനായി ഉപയോഗിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാനായി ആഴം കൂടിയ ഭാഗം വേലി കെട്ടിത്തിരിച്ചിട്ടുണ്ട്. സ്ഥിരമായി നീന്തൽ പരിശീലകൻ ഇല്ലാത്തതിനാൽ ഇവിടെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള കുളമായതിനാൽ ഇവിടെ സ്ഥിരം പരിശീലകനെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വീഡിയോ കാണാം: