‘ഇത് രമ്യ, മുലകുടിക്കുന്നൊരു കുഞ്ഞിനെ വീട്ടിലിരുത്തി ഡ്യൂട്ടി ചെയ്യാനിറങ്ങിയ മുലയൂട്ടുന്നൊരമ്മ’; ചേവായൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയും ചിങ്ങപുരം സ്വദേശിയുമായ രമ്യയെ കുറിച്ചുള്ള പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു


കൊയിലാണ്ടി: ചിങ്ങപുരം സ്വദേശിനിയും കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒയുമായ രമ്യയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ചാനൽ ചർച്ചകളിലൂടെ ശ്രദ്ധേയനായ പ്രേം കുമാർ. ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഭർത്താവും മാതാവും തട്ടിക്കൊണ്ട് പോയ നവജാത ശിശുവിനെ ചേവായൂർ പൊലീസ് വീണ്ടെടുത്തപ്പോൾ തിരികെ ഉമ്മയുടെ അടുത്തെത്തുന്നത് വരെ 12 ദിവസം മാത്രം പ്രായമുള്ള ആ കുഞ്ഞിന് അമ്മയായത് രമ്യയായിരുന്നു.

മുല കുടിക്കുന്നൊരു കുഞ്ഞിനെ തേടി പുറപ്പെട്ട പൊലീസ് സംഘത്തിലുള്ള രമ്യ മുലയൂട്ടുന്നൊരു അമ്മയാണെന്ന് പ്രേം കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കുഞ്ഞിനെ തിരികെ കിട്ടിയപ്പോൾ ബത്തേരി മുതൽ ചേവായൂരിൽ എത്തുന്നത് വരെ രമ്യയായിരുന്നു ആ കുഞ്ഞിന്റെ അമ്മയെന്നും പ്രേം കുമാർ കുറിച്ചു.

പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇത് രമ്യ; പയ്യോളി, ചിങ്ങപുരത്തുകാരിയാണ്.
മടപ്പള്ളി ഗവ.കോളേജിൽ നിന്നാണ് എം.എ.ഇംഗ്ലീഷ് പാസായത്.
പിന്നെ പൊലീസിൽ ചേർന്നു. ഇപ്പോൾ കോഴിക്കോട് ചേവായൂർ സ്റ്റേഷനിലാണ്. രമ്യയുടെ ഇളയ മോൾക്ക് ഒരു വയസ്സാവുന്നേയുള്ളു.

ചേവായൂരിനടുത്തുള്ളൊരു കുടുംബം.
ആ കുടുംബത്തിൽ ഒരു കുഞ്ഞുപിറന്നിട്ട് പന്ത്രണ്ട് നാളായേ ഉള്ളൂ .
കുഞ്ഞിന്റെ അച്ഛനുമമ്മയും കുടുംബവും; അമ്മയേയും കൊച്ചുകുഞ്ഞിനെയും നോക്കാൻ അമ്മയുടെ അമ്മ കൂട്ടിനുണ്ട്.
പെറ്റിട്ട് പന്ത്രണ്ട് നാൾ മാത്രമായ കുഞ്ഞിനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് ഒന്ന് പോവണമെന്ന് പറയുന്നു, കുഞ്ഞിന്റെ അമ്മ.
അച്ഛനുമച്ഛന്റെ വീട്ടുകാരും സമ്മതിച്ചില്ല; സമ്മതിച്ചില്ലെന്ന് മാത്രമല്ല, അമ്മയെ കുഞ്ഞിനടുത്തുനിന്ന് മാറ്റുകയും ചെയ്തു.
ചെറുപ്പക്കാരിയായ ആ അമ്മ നേരെ ചേവായൂർ പൊലീസിലെത്തുന്നു. പൊലീസ്, ഉടൻ തന്നെ കുഞ്ഞുള്ള വീട്ടിലെത്തുന്നു; അപ്പോഴേക്കും വീട് പൂട്ടി അവരെങ്ങോട്ടോ പോയിരിക്കുന്നു.
മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്.

ഞങ്ങളൊന്ന് അന്വേഷിക്കട്ടെ എന്ന് തലയിൽ തടവാതെ പോവാനിടയുള്ളിടങ്ങളിലെല്ലാം പരതുന്നു പൊലീസ്.
അടുത്തെങ്ങുമില്ലെന്നറിയുന്ന SHO കെ.കെ. ബിജുവും SI ഷെബീബ് റഹ്‌മാനും ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്നു.
അവരെല്ലാം ഒരൊറ്റ ടീമാവുന്നു; പൊലീസിനെക്കൂടാതെ അനുബന്ധ സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്നു.

പന്ത്രണ്ട് നാൾ മാത്രം പ്രായമായ കുഞ്ഞിനെ അമ്മയെ വിട്ട് അധികനേരം നിർത്താനാവില്ല.
പോലീസ് പിന്തുടരുന്നു എന്നവരറിഞ്ഞാൽ കൂടുതൽ ദൂരേക്ക് അവർ പോയേക്കാം.
ഒരു വട്ടം വയനാട്ടിൽ ട്രാക്ക് ചെയ്യാനാവുന്നു നേരത്തെ സ്വിച്ച് ഓഫ് ചെയ്തിരുന്ന മൊബൈൽ.
മൊബൈൽ റേഞ്ച് വെച്ച് വഴിതെറ്റിക്കലാണിപ്പോൾ ട്രെൻഡ്; മുഴുവൻ വിശ്വസിക്കാനാവില്ല.
ഭർത്താവിന് ജോലി ബാംഗ്ളൂരിലാണെന്ന ഒരു വാക്കിൽ സകല ബോർഡർ സ്റ്റേഷനുകളും അലേർട്ട് ആവുന്നു.
ഒടുവിൽ, ബത്തേരി പോലീസ് നടത്തിയ വാഹനപരിശോധനയിൽ കുഞ്ഞിനെയും അച്ഛനെയും വൈകുന്നേരത്തോടെ കണ്ടെത്തുന്നു.
മുലപ്പാൽ കിട്ടാതെ വയ്യാതായ കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് അതിവേഗം ആശുപത്രിയിലെത്തിക്കുന്നു.
അവിടെ നിന്ന് കോഴിക്കോട്ടുള്ള അമ്മയുടെ അടുത്തെത്തിക്കണം.


Related News: ‘ഞങ്ങൾ എത്തുമ്പോൾ കുഞ്ഞ് കരയുകയായിരുന്നു, ഞാനെടുത്തു മാറോടണച്ചപ്പോഴാണ് അവന്റെ കരച്ചിൽ അടങ്ങിയത്’; അച്ഛനും മുത്തശ്ശിയും ചേർന്ന് തട്ടിക്കൊണ്ടു പോയ പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ ചിങ്ങപുരം സ്വദേശിനിയായ പൊലീസുകാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


ചേവായൂരിൽ നിന്ന് കുഞ്ഞിനെത്തേടി പുറപ്പെട്ട പൊലീസ് ടീമിലുണ്ട് രമ്യ.
മുലയൂട്ടുന്നൊരമ്മയാണ് രമ്യ; മുലകുടിക്കുന്നൊരു കുഞ്ഞിനെ വീട്ടിലിരുത്തി ഡ്യൂട്ടി ചെയ്യാനിറങ്ങിയതാണവർ.
കുഞ്ഞിനെ തിരികെക്കിട്ടിയ ബത്തേരി മുതൽ ചേവായൂരിൽ പരാതിയുമായ് വന്ന പെറ്റമ്മയുടെ അടുത്തെത്തും വരെ രമ്യയാവുന്നു ആ കുഞ്ഞിന്റെ പോറ്റമ്മ.
‘രമ്യയുടെ’ കുഞ്ഞിന് കൂട്ടിനുള്ളത് പൊലീസുകാർ.

ഇതിലെന്താണിത്ര കാര്യമെന്ന് ചോദിക്കാൻ തോന്നുന്നവരോട്… അമ്മയേയോർത്ത് നിങ്ങളോടൊന്നുമേ പറയാനില്ല.

വേറെ മൂന്ന് കാര്യങ്ങളാണാലോചിക്കുന്നത്.
01. പൊലീസ് ഒരിത്തിരി വൈകിയിരുന്നെങ്കിൽ, അവർ മുത്തങ്ങ കടന്നിരുന്നെങ്കിൽ, ആ കുഞ്ഞൊന്ന് കൂടി വാടിയിരുന്നെങ്കിൽ…

02. പൊലീസുകാരിയായ രമ്യയ്ക്ക് മൈസൂരിലേക്കോ ബാംഗ്ളൂരിലേക്കോ യാത്ര തുടരേണ്ടി വന്നിരുന്നെങ്കിൽ, അന്ന് രാത്രി അവരുടെ കുഞ്ഞ് മുലപ്പാൽ കിട്ടാതെ കരഞ്ഞുറങ്ങുമായിരുന്നില്ലേ?

03. ഏതാണ്ട് ഒരാഴ്ചമുന്നേ പുറത്തുവന്നൊരീ വാർത്ത, എത്ര ചാനലുകളിലെത്രപത്രങ്ങളിൽ വന്നിട്ടുണ്ട്?
നമ്മളിലെത്ര പേർ ഈ നല്ല വാർത്തയറിഞ്ഞിട്ടുണ്ട്?

പൊലീസിങ്ങനെയല്ലാതായിപ്പോവുന്നിടങ്ങളിൽ
അതങ്ങനെതന്നെ പറയുമെന്ന് പറയാം.
പൊലീസിനും രമ്യയിലെ പൊലീസിനുമമ്മയ്ക്കും
അമ്മമാരെ ഓർത്ത് നന്ദി പറയാം.