‘ഞങ്ങൾ എത്തുമ്പോൾ കുഞ്ഞ് കരയുകയായിരുന്നു, ഞാനെടുത്തു മാറോടണച്ചപ്പോഴാണ് അവന്റെ കരച്ചിൽ അടങ്ങിയത്’; അച്ഛനും മുത്തശ്ശിയും ചേർന്ന് തട്ടിക്കൊണ്ടു പോയ പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ ചിങ്ങപുരം സ്വദേശിനിയായ പൊലീസുകാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: ‘ജോലിയിൽ കയറി ഇത്രയും സംതൃപ്തിയോടെ ഉറങ്ങിയ ദിനമുണ്ടായിട്ടില്ല. അന്ന് രാവിലെ മുഴുവൻ ആധിയിലായിരുന്നു. പന്ത്രണ്ട് ദിവസം മാത്രമുള്ള കുഞ്ഞിനെയല്ലേ കാണാതായിരിക്കുന്നത്. കുഞ്ഞിനെ കണ്ടെത്തി തിരികെ അമ്മയുടെ കയ്യിൽ ആരോഗ്യത്തോടെ കൊടുത്തപ്പോഴാണ് സമാധാനമായത്’. കോഴിക്കോട് പൂളക്കടവിൽ പിതാവും പിതൃ മാതാവും നവജാത ശിശുവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ കുഞ്ഞിനെ കണ്ടെത്താൻ വിവരമറിഞ്ഞപ്പോൾ മുതൽ പോലീസുകാർ അശ്രാന്തം പരിശ്രമിക്കുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തിയെങ്കിലും കുഞ്ഞു മുലപ്പാൽ കുടിച്ചിട്ട് മണിക്കൂറുകൾ ഏറെയായിരുന്നു. ആ സമയത്ത് ചേവായൂർ പൊലീസ് സ്റ്റേഷനിലെ വനിത സി.പി. രമ്യയിലെ മാതൃത്വം ഉണരുകയായിരുന്നു.

ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നവജാത ശിശുവിനെ പിതാവ് ആദില്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിക്ക് ആകെ പന്ത്രണ്ട് ദിവസം മാത്രമാണ് പ്രായമുണ്ടായിരുന്നത്. കുട്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ രാത്രിയോടെ ബത്തേരിയില്‍ വെച്ച് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

കുഞ്ഞിന്റെ മാതാവായ ആഷിഖയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ‘കുഞ്ഞിനെ തന്നു വിടുന്നില്ല, ഞങ്ങളുടെ കൂടെ തന്നു വിടാൻ വഴിയുണ്ടാക്കേണമെന്നു’ പറഞ്ഞാണ് കുഞ്ഞിന്റെ അമ്മ അഷിക സ്റ്റേഷനിലെത്തിയത്. എസ്.ഐ സാറിന്റെ നേതൃത്വത്തിൽ ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും കുഞ്ഞുമായി ഇവർ സ്ഥലം വിട്ടിരുന്നു. സമീപത്തെല്ലാം അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. സ്റ്റേഷനിലുള്ള പോലീസുകാർ എല്ലാം പല വഴിക്കു അന്വേഷിച്ചു തുടങ്ങി. പന്ത്രണ്ടു ദിവസം മാത്രമുള്ള കുഞ്ഞാണ്, പാല് കുടിച്ചിട്ടും അൽപ്പ സമയമായി എന്നുള്ള ചിന്ത ഞങ്ങളെ എല്ലാവരെയും സങ്കടപെടുത്തി’. പരാതി തങ്ങളിലേക്കെത്തിയത് മുതലുള്ള അനുഭവം നന്തി സ്വദേശിനി രമ്യ കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു തുടങ്ങി…

‘ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അവിടെയുള്ള പോലീസുകാരെല്ലാം ഇത് കണ്ടെത്താനായി വിവിധ വഴികളിൽ ആലോചിക്കാനും പ്രവർത്തിക്കാനും തുടങ്ങി. കുട്ടിയുടെ അച്ഛന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നത് ഒരു തിരിച്ചടിയായി. അമ്മയോട് സംസാരിക്കുന്നതിനിടയിൽ പുള്ളിക്ക് ബാംഗ്ലൂർ ആണ് ജോലി എന്ന് മനസ്സിലാക്കിയതോടെ അന്വേഷണം ആ വഴിക്കും തുടങ്ങി. പിന്നീട് വയനാട് സുൽത്താൻ ബത്തേരിയിൽ ട്രെയിസ് ചെയ്യുകയായിരുന്നു’.

‘കുട്ടിയുടെ അവസ്ഥ നോക്കാൻ ഉദ്യോഗസ്ഥർ ഇവിടെ നിന്ന് പറഞ്ഞു കൊണ്ടിരുന്നു. അങ്ങോട്ടേക്ക് പോകാൻ ഒരു തീരുമാനം എടുക്കുമ്പോൾ ഞാൻ വീട്ടിലേക്ക് വിളിച്ചു, എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ വിഷമിക്കണ്ടായെന്നും അവർ നോക്കാമെന്നും മറ്റേ കുഞ്ഞിന്റെ ആരോഗ്യമാണ് പ്രധാനമെന്നും ഭർത്താവും വീട്ടുകാരും പറഞ്ഞു. ഞാനും പാല് കൊടുക്കുന്ന ഒരു അമ്മയാണ്’.

‘ഞങ്ങൾ കല്പറ്റ ആശുപത്രിയിലേക്കെത്തുമ്പോഴേക്കും രാത്രിയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോൾ ഷുഗർ ലെവൽ കുറവാണെന്നു മനസ്സിലാവുകയായിരുന്നു. ഷുഗർ ലെവൽ നോക്കാനായി കുഞ്ഞിന്റെ കാലിൽ കുത്തിയപ്പോൾ അവൻ കരഞ്ഞു. ഞാനെടുത്തു മാറോടണച്ചപ്പോഴാണ് അവന്റെ കരച്ചിൽ അടങ്ങിയത്. എന്റെ കുഞ്ഞിനെ കയ്യിൽ എടുത്തത് പോലെയാ എനിക്ക് തോന്നിയത്. ഉടനെ തന്നെ ഞാൻ ഡോക്ടറോട് ഞാനൊരു ഫീഡിങ് മദർ ആണെന്നും കുട്ടിക്ക് പാല് കൊടുത്തോട്ടെ എന്ന് ചോദിക്കുകയുമായിരുന്നു. കുഞ്ഞിനെ കാണാതായപ്പോൾ മുതൽ ആഹാരം കഴിക്കാത്തത് കൊണ്ടും ബ്ലീഡിങ് ഉണ്ടായിരുന്നത് കൊണ്ടും അഷിക അകെ അവശയായിരുന്നു. പാല് കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു’.

‘അവനെ ആരോഗ്യത്തോടെ ഉന്നത ഉദ്യോഗസ്ഥർ മുതൽ എല്ലാ പോലീസുകാർ പോലും ഒരുമിച്ച് തങ്ങളാൽ ആവുന്നത് ചെയ്യാൻ എല്ലാം ചെയ്യുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്. ശരിക്കും യൂണിഫോം മാറ്റി വെച്ച് എല്ലാവരും അച്ഛനും അമ്മയും ആയ പോലെ. കുഞ്ഞിനെ കിട്ടുമോ എന്നറിയില്ല, എവിടെയാണെന്നൊരു തുമ്പില്ല, ആരോഗ്യം ബുദ്ധിമുട്ടാകുമോ എന്നറിയില്ല, അങ്ങനെ ഒത്തിരി പ്രശ്നങ്ങളാണ് തരണം ചെയ്യാനുണ്ടായിരുന്നത്.

ഒക്ടോബർ 22 ന് രാവിലെ പത്തരയോടെയാണ് പൂളക്കടവിലുള്ള വീട്ടില്‍ നിന്ന് ആദിലും സാക്കിറയും കുഞ്ഞുമായി ബെംഗളൂരുവിലേക്ക് കടന്ന് കളഞ്ഞത്. എന്നാല്‍ കൃത്യമായ ഇടപെടലിലൂടെയാണ് ഇവര്‍ രാത്രിയോടെ അറസ്റ്റിലാവുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് മങ്കട സ്വദേശിനിയും പൂളക്കടവ് സ്വദേശി ആദിലും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. 15 ദിവസം കഴിഞ്ഞതിനു പിന്നാലെ ആദില്‍ യുവതിയെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. പ്രസവത്തിനു പോലും ഈ യുവതിയെ സ്വന്തം വീട്ടിലേക്ക് വിട്ടില്ല. വീട്ടില്‍ കുടുംബവഴക്ക് സ്ഥിരമായി. ഇതിനെത്തുടർന്ന് സഹോദരൻ ആശിഖയെ വീട്ടിലേക്കു കൊണ്ടു പോകാൻ എത്തിയപ്പോഴാണ് സംഭവം.

നന്തി ചിങ്ങപുരം കിഴക്കേ നൊട്ടിക്കണ്ടി മാധവന്റെയും രതിദേവിയുടെയും മകളാണ് രമ്യ. ഭർത്താവ് അശ്വന്ത്. അഞ്ചും ഒന്നും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളാണ് രമ്യക്കുള്ളത്. വാർത്ത അറിഞ്ഞതോടെ നിരവധിപേരാണ് എന്നെ വിളിച്ചത്. ഞാൻ മാത്രമല്ല നിരവധി പോലീസുകാരുടെ പ്രയത്നവും കരുതലും അതിനു പുറകിലുണ്ടായിരുന്നുവെന്ന് രമ്യ പറഞ്ഞു.

‘ആ ദിനം ഓർത്തെടുക്കുമ്പോൾ രോമാഞ്ചം വരുകയാണ് എനിക്ക്. കുഞ്ഞിനെ കൈ മാറുമ്പോൾ ആ അമ്മയ്ക്ക് ഞങ്ങോളോട് നന്ദി പറഞ്ഞ് നിർത്താനാവുന്നില്ലായിരുന്നു കഴിഞ്ഞ ദിവസവും കുഞ്ഞിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു ഞാൻ വിളിച്ചിരുന്നു, അവൻ മിടുക്കനായിരിക്കുന്നു. അൽപ്പം കൂടി ഉഷാറായിട്ട് മോനെ വീണ്ടും കാണണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്’. കാക്കിക്കുള്ളിലെ മാതൃഹൃദയം നോക്കിയിരിക്കുകയാണ് ആ സുന്ദര ദിനത്തിനായി.