കാണിക്കപ്പണം ധൂര്‍ത്തടിക്കുന്നു, ദേവസ്വം ബില്‍ഡിംഗിന്റെ മറവില്‍ പകല്‍ക്കൊള്ള, കേട്ടുകേള്‍വിയില്ലാത്ത നിയമനം; പിഷാരിക്കാവ് ക്ഷേത്രത്തിലെ എക്‌സിക്യൂട്ട് ഓഫീസര്‍ക്കെതിരെ വിശ്വാസി സമൂഹത്തിന്റെ പേരില്‍ പോസ്റ്റര്‍; ആരോപണം നിഷേധിച്ച് എക്‌സിക്യൂട്ടീവ് ഓഫീസറും പിഷാരിക്കാവ് ട്രെസ്റ്റി ബോര്‍ഡ് ചെയര്‍മാനും


കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ അഴിമതി ആരോപണവുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വിശ്വാസി സമൂഹത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

കാണിക്കപ്പണം ധൂര്‍ത്തടിക്കുകയും ദേവസ്വം ബില്‍ഡിംഗിന്റെ മറവില്‍ ഓഫീസര്‍ പകല്‍ക്കൊള്ള നടത്തുകയുമാണ് ചെയ്യുന്നതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. ദേവസ്വം ജീവനക്കാരന്റെ സ്ഥലത്തിന് പൊന്നും വിലയും ഭാര്യയ്ക്ക് ദേവസ്വം ജോലിയും വാഗ്ദാനം ചെയ്ത് കമ്മീഷന്‍ പറ്റുന്ന ഓഫീസറെ ജനം തിരിച്ചറിയണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

പിഷാരിക്കാവ് ഊട്ടുപുരയുടെ മറവില്‍ ഭക്തരുടെ കാണിക്കപ്പണം ഉപയോഗിച്ച് ക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ജീവനക്കാരന്റെ സ്ഥലം വലിയ കമ്മീഷന്‍ അടിസ്ഥാനത്തില്‍ വാങ്ങുകയും കേട്ടുകേള്‍വിയില്ലാത്ത നിയമനം നടത്തുകയും ചെയ്യുന്ന ഓഫീസറെ പുറത്താക്കണമെന്നും ഭക്തന്റെ കാണിക്കപ്പണം സംരക്ഷിക്കണമെന്നുമാണ് ഒരു നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പിഷാരിക്കാവ് ട്രസ്റ്റി ബോര്‍ഡ് നോക്കുകുത്തികളാകുന്നെന്നും ബില്‍ഡിംഗിന്റെ മറവില്‍ കാണിക്കപ്പണം അനാവശ്യമായി ധൂര്‍ത്തടിക്കുകയും കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി നല്‍കാനും തീരുമാനിച്ച ഓഫീസറെ ട്രസ്റ്റി ബോര്‍ഡ് നിലയ്ക്ക് നിര്‍ത്തണമെന്നുമാണ് മറ്റൊരു പോസ്റ്ററിലെ ആവശ്യം.

എന്നാല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആരോപണം നിഷേധിച്ചു. താന്‍ അവിടെ ജോലിയില്‍ പ്രവേശിച്ചിട്ട് ആറ് മാസം മാത്രമേ ആയിട്ടുള്ളുവെന്നും അവിടെ 10 കോടിയോളം രൂപ ചിലവഴിച്ച് ഒരു കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്, അത് തുറന്ന് കൊടുക്കാന്‍ പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ കുറച്ച് സ്ഥലം ആത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം വാങ്ങാനുള്ള തീരുമാനം തനിക്ക് തനിച്ച് എടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സ്ഥലം വാങ്ങുന്നതിന്റെ പ്രാരംഭ നടപടികള്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. സ്ഥലം നോക്കി, മലബാര്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ കമ്മിറ്റിയുണ്ടാക്കി, അതിനൊരു പര്‍ച്ചേസ് കമ്മിറ്റിയുണ്ടാക്കി കഴിഞ്ഞാല്‍ മാത്രമേ സ്ഥലം വാങ്ങാന്‍ സാധിക്കുകയുള്ളു. ജീവനക്കാരന്റെ സ്ഥലം ഞങ്ങള്‍ വാങ്ങുന്നില്ല, അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. ബില്‍ഡിംഗിന് തൊട്ട് കിടക്കുന്ന സ്ഥലം വാങ്ങാനുള്ള പ്രാരംഭ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. അത് മാത്രമല്ല, ദേവസ്വത്തിന് നേരിട്ട് പണമിടപാടില്ല, എല്ലാം അക്കൗണ്ട് വഴിയുള്ള ഇടപാടാണ്.” അദ്ദേഹം അറിയിച്ചു.

ആരോപണം എങ്ങനെ വന്നു എന്നറിയില്ലെന്നും പല നടപടികളും പലര്‍ക്കെതിരെയും എടുക്കേണ്ടി വന്നിട്ടുണ്ട്, ഇതില്‍ പലര്‍ക്കും എതിര്‍പ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോപണം പിഷാരിക്കാവ് ട്രെസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ബാലന്‍ നായരും നിഷേധിച്ചു. പോസ്റ്ററില്‍ പറയുന്നത് സത്യമല്ലെന്നും കഴിഞ്ഞ ദിവസം ഊട്ടുപുരയുടെ മതില്‍ നവീകരണം ചിലര്‍ തടഞ്ഞിരുന്നു. ഇതിന്റെ പേരിലാവാം പോസ്റ്റര്‍ പതിച്ചിട്ടുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

പിഷാരികാവ് ദേവസ്വം ഓഫീസിനും ക്ഷേത്രത്തിനും അടുത്തുള്ള റോഡുകളിലും കൊല്ലം ആനക്കുളം ബസ് സ്റ്റോപ്പിനടുത്തുമാണ് ഇന്ന് രാവിലെ കയ്യെഴുത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.