സ്നേഹവും പ്രണയവും പരാതികളും പരിഭവങ്ങളും അങ്ങനെ എത്രയെത്ര സന്ദേശങ്ങൾ; 50 പൈസയ്ക്ക് വാടകയ്ക്കെടുത്ത സൈക്കിളിൽ സമയത്തോടു പൊരുതി കൊയിലാണ്ടിയിലെ ഊടുവഴികളിലൂടെ ഉടമസ്ഥരെ തേടിയെത്തിയ മൂന്ന് പതിറ്റാണ്ടുകൾ, തപാൽദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് തപാൽ ജീവനക്കാരനായ ഗോപാലകൃഷ്ണൻ


സ്‌നേഹവും പ്രണയവും പരാതികളും പരിഭവങ്ങളും അറിയിപ്പുകളുമൊക്കെ എഴുതിനിറച്ച കടലാസുകള്‍ക്കുവേണ്ടി കാത്തിരിക്കുന്ന കാലത്തിലൂടെ കടന്നുപോയ കൊയിലാണ്ടിക്കാരുടെ ഓര്‍മ്മകളില്‍ പന്തലായനി സ്വദേശി ഗോപാലകൃഷ്ണന് ഇപ്പോഴും യൗവ്വനമാണ്. തോള്‍സഞ്ചിയുമായി സൈക്കിള്‍ ചവിട്ടി തെല്ലൊരു കിതപ്പോടെ സന്തോഷമോ, സന്താപമോ പങ്കുവെക്കുന്ന കടലാസുമായി വിലാസക്കാരനെ തേടിയെത്തുന്ന ആ യുവാവിനെ അന്ന് പരിചയമില്ലാത്ത കൊയിലാണ്ടിക്കാര്‍ ഉണ്ടാവുമോ!

അറിയാത്തതും പറയാത്തതുമായ ലക്ഷക്കണക്കിന് വിശേഷങ്ങളുമായി ഉടമസ്ഥരെ തേടിയുള്ള യാത്ര അതായിരുന്നു ഗോപാലകൃഷ്ണന്റെ 37 വര്‍ഷത്തെ സര്‍വ്വീസ് ജീവിതം. ദേശീയതപാല്‍ ദിനമായ ഇന്ന് അദ്ദേഹം ആ ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോള്‍ ഇന്നത്തെ പുതുതലമുറയ്ക്ക് പലതും അവിശ്വസനീയമായി അനുഭവപ്പെട്ടേക്കാം.

1971ല്‍ കൊയിലാണ്ടി പോസ്റ്റ് ഓഫീസില്‍ കമ്പി ശിപായി അഥവാ ടെലിഗ്രാം സന്ദേശങ്ങള്‍ ഉടമസ്ഥരെ എത്തിക്കുന്ന ചുമതല നിര്‍വഹിച്ചുകൊണ്ട് തുടങ്ങിയതാണ് തപാല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അദ്ദേഹത്തിന്റെ ജീവിതം. നടേരി, കീഴരിയൂർ, നടുവത്തൂർ, ഉള്ള്യേരി, തിരുവങ്ങൂർ, ചേലിയ, ചെങ്ങോട്ടുകാവ്, എടക്കുളം, മൂടാടി, കുറുവങ്ങാട്, പന്തലായനി, കൊല്ലം, വിയ്യൂർ, മുചുകുന്ന്, പന്തലായനി ഈ സ്ഥലങ്ങളിലെല്ലാം സന്ദേശമെത്തിക്കേണ്ടത് കൊയിലാണ്ടിയിലെ ശിപായി ആണ്.  ഇന്നത്തെ പോലെ ബസോ, ഓട്ടോറിക്ഷയോ റോഡോ മര്യാദയ്ക്ക് നടന്ന് പോകാനെങ്കിലും കഴിയുന്ന വഴിയോ ഇല്ല. കയ്യില്‍ കിട്ടുന്നതാണെങ്കില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍. എത്രയും പെട്ടെന്ന് ഉടമസ്ഥനെ അറിയിക്കേണ്ടവ. അന്‍പത് പൈസയ്ക്ക് സൈക്കിളും വാടകയ്‌ക്കെടുത്തുള്ള ഓട്ടത്തോട് ഓട്ടമായിരുന്നു സര്‍വ്വീസിലെ വലിയൊരു കാലമെന്ന് പറയുകയാണ് അദ്ദേഹം.

പ്രിയപ്പെട്ടവരുടെ വിയോഗ വാര്‍ത്തകള്‍, സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും എത്തിക്കേണ്ട അടിയന്തര അറിയിപ്പുകള്‍, പ്രസവ വിവരങ്ങള്‍, പട്ടാളക്കാര്‍ക്ക് ഉടന്‍ മടങ്ങാനാവശ്യപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ അങ്ങനെ അറിയിപ്പുകളുടെ സ്വഭാവം പലതാണ്. കൊയിലാണ്ടിയുടെ എട്ട് കിലോമീറ്റര്‍ പരിധിയിലായിരിക്കും വിലാസക്കാരന്‍.  അരിക്കുളത്തോ, കീഴരിയൂരോ ആയാലും കമ്പി കിട്ടി അഞ്ച് മണിക്കൂറിനുള്ളില്‍ ഉടമസ്ഥന് വിവരമെത്തിയിരിക്കണം. നടന്നുപോകാനാണ് തപാല്‍ വകുപ്പില്‍ നിന്നുള്ള നിര്‍ദേശം. പക്ഷേ ഈ ദൂരമൊക്ക നടന്നുതാണ്ടി എപ്പോഴെത്താനാണ്. അതുകൊണ്ട് 50 പൈസ വാടക കൊടുത്ത് സൈക്കിളെടുക്കും. ദൂരെ യാത്രകളൊക്കെ അതിലാണ്.

മുത്താമ്പിയോ, അണേലയോ നെല്ല്യാടിയോ പാലമില്ല, കടത്തുതോണികിട്ടും. പാലം കടന്ന് അധികദൂരം പോകേണ്ടെങ്കില്‍ പാലത്തിനിപ്പുറം സൈക്കിള്‍ വെച്ച് തോണി പിടിക്കുകയാണ് പതിവ്. പാലം കടന്നും ഏറെ പോകാനാണെങ്കില്‍ സൈക്കിളും തോണിയിലേക്ക് കയറ്റും. അന്ന് കടത്തുകാരന്‍ ‘വി.ഐ.പി’ പരിഗണനയോടെയാണ് തന്നെ സ്വീകരിക്കാറുള്ളതെന്നാണ് അദ്ദേഹം പറയുന്നത്. പെട്ടെന്ന് അറിയിക്കേണ്ട വിവരവുമായി വരുന്നയാളായതുകൊണ്ടുതന്നെ തന്നെ കണ്ടാല്‍ ഉടന്‍ തോണിയിറക്കി അക്കരെ എത്തിക്കും.

കത്തുമായി വരുന്ന ശിപായിയെ ആളുകള്‍ കാത്തിരിക്കാറാണ് പതിവെങ്കില്‍ കമ്പി ശിപായിയെ പലരും പേടിയോടെയാണ് കണ്ടതെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ”പലപ്പോഴും പ്രിയപ്പെട്ടവരുടെ മരണവാര്‍ത്തയോ മറ്റോ പേറിയായിരിക്കും ഞങ്ങളുടെ യാത്ര. അത് അവരെ അറിയിച്ചാല്‍ ചിലര്‍ അലറിക്കരയും, ചിലര്‍ ഭയന്നോടും…. അങ്ങനെ ഒരുപാട് പേരുടെ മാനസിക പ്രയാസങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്.” അദ്ദേഹം പറയുന്നു.

1993 വരെയാണ് ഗോപാലകൃഷ്ണന്‍ കമ്പിശിപായിയായി ജോലി ചെയ്തത്. പിന്നീട് നടേരി പോസ്റ്റ് ഓഫീസിലായിരുന്നു. 2008 ജൂണിലാണ് സര്‍വ്വീസില്‍ നിന്നും പിരിഞ്ഞത്. ഇതിനിടയില്‍ തനിക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ക്കുവേണ്ടി നീണ്ടകാലത്തെ നിയമപോരാട്ടവും നടത്തേണ്ടിവന്നു. ഇന്ന് എന്ത് വിശേഷവും കൈമാറാനും അത് കാണേണ്ടവര്‍ കണ്ടെന്ന് നീല ടിക്കുകള്‍ കൊണ്ട് ഉറപ്പിക്കാനും കഴിയുന്ന കാലത്തിരിക്കുമ്പോഴും ആ പഴയകാലവും അതിന്റെ ഓര്‍മ്മകളും വാര്‍ധക്യത്തിന്റെ മങ്ങലേതുമില്ലാതെ അദ്ദേഹത്തിന് തെളിഞ്ഞ് കാണാനാവും. ഏറെ ഇഷ്ടത്തോടെ എത്രനേരം വേണമെങ്കിലും ആ ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്യും.