കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന പൂത്തുലഞ്ഞ നീലക്കുറിഞ്ഞികൾ; അപൂർവ്വ കാഴ്ച കാണാനായി ഇടുക്കിയിലേക്ക് പോയ കൊയിലാണ്ടിക്കാരുടെ യാത്രാനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ പങ്ക് വയ്ക്കുന്നു പൂക്കാട് സ്വദേശി അദ്വൈത് (ചിത്രങ്ങളും വീഡിയോയും കാണാം)
അദ്വൈത്
ഇടുക്കിയില്‍ നിലക്കുറിഞ്ഞി പൂത്തത് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു അവിടെ പോയി ആ കാഴ്ചകള്‍ കാണണമെന്നത്. നീലക്കുറിഞ്ഞി പൂത്ത കാഴ്ച കാണാന്‍ പോയ പലരും ആ അനുഭവങ്ങള്‍ പറഞ്ഞത് കേട്ടപ്പോള്‍ എത്രയും വേഗം അവിടെ എത്തണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഒക്ടോബര്‍ 14 ന് നീലക്കുറിഞ്ഞി കാണാനായി പോകാന്‍ തീരുമാനിച്ചത്.
അങ്ങനെ ഞാന്‍ രാത്രി ഒമ്പതരയോടെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലെത്തി പത്ത് മണിയുടെ മലബാര്‍ എക്‌സ്പ്രസിന് ആലുവയ്ക്ക് ടിക്കറ്റ് എടുത്തു. ഒറ്റയ്ക്ക് പോകാനാണ് ഞാന്‍ തീരുമാനിച്ചത്. എന്നാല്‍ നമ്മള്‍ തീരുമാനിക്കുന്നത് പോലെയല്ലല്ലോ കാര്യങ്ങള്‍ നടക്കുക! യാത്രയ്ക്കിടെ എനിക്ക് ആറ് സുഹൃത്തുക്കളെ കിട്ടി. അക്കഥ വഴിയെ പറയാം.
മലബാര്‍ എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. ട്രെയിന്‍ യാത്രക്കാരായ എല്ലാവര്‍ക്കും മലബാര്‍ എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ അവസ്ഥ അറിയാവുന്നതാണ്. എങ്കിലും ഇരിക്കാന്‍ ഒരിത്തിരി സ്ഥലം കിട്ടുമെന്ന പ്രതീക്ഷയോടെ ഞാന്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ കാത്തിരുന്നു.
അങ്ങനെ മലബാര്‍ എക്‌സ്പ്രസ് എത്തി. പതിവ് തെറ്റിക്കാതെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നല്ല തിരക്കായിരുന്നു. ഒരുവിധം അതില്‍ കയറിക്കൂടി. ശുചിമുറിയുടെ അടുത്തും മറ്റുമായി ഒരുപോള കണ്ണടയ്ക്കാന്‍ കഴിയാതെ ആലുവ വരെ നിന്നായിരുന്നു എന്റെ യാത്ര. എല്ലാം നീലക്കുറിഞ്ഞിക്ക് വേണ്ടി!
അങ്ങനെ ഒടുവില്‍ ആലുവയിലെത്തി. അവിടെ ഇറങ്ങിയപ്പോഴാണ് തലേന്ന് രാത്രി കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ എനിക്കൊപ്പം മലബാര്‍ കാത്തുനില്‍പ്പുണ്ടായിരുന്ന ആറ് പേരെ കണ്ടത്. അവര്‍ വേറെ കമ്പാര്‍ട്ട്‌മെന്റിലായിരുന്നത് കൊണ്ടാണ് ഞാന്‍ യാത്രയ്ക്കിടെ കാണാതിരുന്നത്. ഇനിയിപ്പൊ ഒരേ കമ്പാര്‍ട്ടുമെന്റിലായിരുന്നെങ്കിലും ആ തിരക്കിനിടെ അവരെ ട്രെയിനില്‍ വച്ച് കാണാനുള്ള സാധ്യത കുറവായിരുന്നു.
‘നിങ്ങളെ ഞാനിന്നലെ കൊയിലാണ്ടിയില്‍ നിന്ന് കണ്ടിരുന്നു. എങ്ങോട്ടാ പോകുന്നത്?’ ഞാന്‍ അവരോട് ചോദിച്ചു. ഇടുക്കിയില്‍ നീലക്കുറിഞ്ഞി പൂത്തത് കാണാന്‍ പോകുകയാണെന്ന് മറുപടി കിട്ടി. ആഹാ! ഒരേ ലക്ഷ്യത്തിലേക്കുള്ള യാത്രക്കാര്‍. ഞാന്‍ ഒറ്റയ്ക്കാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം കൂടിക്കോളാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങളൊന്നിച്ചായി പിന്നെയുള്ള യാത്ര.
അശ്വന്ത്, മറ്റൊരു അശ്വന്ത്, ഷിജിൻ, മിഥുൽ, അജേഷ്, ദിൻഷിത്ത് എന്നിവരായിരുന്നു അപ്രതീക്ഷിതമായി എനിക്ക് ലഭിച്ച സഹയാത്രികർ. അശ്വന്ത് പൊയിൽക്കാവ് സ്വദേശിയാണ്. ബാക്കിയുള്ളവരെല്ലാം കണയങ്കോട് നിന്നുള്ളവരും.
പുലര്‍ച്ചെ നാല് മണിക്ക് ആലുവയില്‍ നിന്നുള്ള ബസ്സില്‍ ഞങ്ങള്‍ കയറി. അടിമാലി വഴി നേരെ കള്ളിപ്പാറയ്ക്ക്. ബസ്സില്‍ സീറ്റ് കിട്ടിയത് കൊണ്ട് കുറച്ച് നേരം സുഖമായി ഉറങ്ങാന്‍ പറ്റി. മലബാറിലെ ദുരിതയാത്രയുടെ ക്ഷീണം ആ ഉറക്കത്തോടെ പമ്പ കടന്നു.
എന്നാല്‍ ബസ് ഇടുക്കി ജില്ലയിലേക്ക് കടന്നപ്പോള്‍ ഞാനുണര്‍ന്നു. നീലക്കുറിഞ്ഞി മാത്രമല്ല, യാത്രയ്ക്കിടെയുള്ള ഇടുക്കിയുടെ മനോഹരമായ കാഴ്ചകളും ആസ്വദിക്കണമല്ലോ.
അടിപൊളി ഫീലായിരുന്നു ആ ബസ് യാത്ര. അങ്ങനെ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഇടുക്കിയുടെ ദൃശ്യചാരുത കണ്ണുകള്‍ക്ക് സമ്മനാനിച്ചുകൊണ്ട് ബസ് കുതിച്ചു. ബസ്സിലിരുന്ന് കണ്ട ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ പുലര്‍ച്ചെയുള്ള ദൃശ്യത്തിന്റെ ഭംഗി പറഞ്ഞറിയിക്കാന്‍ കഴിയില്ല. കോട മൂടിയ വഴികളിലൂടെയായിരുന്നു ബസ്സിന്റെ യാത്ര. അതിനാല്‍ തന്നെ നല്ല തണുപ്പുമുണ്ടായിരുന്നു.
രാവിലെ എട്ടരയോടെ ഞങ്ങള്‍ കള്ളിപ്പാറയില്‍ ബസ്സിറങ്ങി. അവിടെ നിന്ന് രണ്ട് കിലോമീറ്ററോളം ട്രക്ക് ചെയ്ത് കയറി പോയാലേ വ്യൂ പോയിന്റിലെത്തൂ. നീലക്കുറിഞ്ഞി കാണാനുള്ള ആവേശം കൊണ്ടാകും നല്ല വേഗത്തിലാണ് ഞങ്ങള്‍ നടന്നത്.
ഒടുവില്‍ അതാ…. നേരില്‍ കാണാനാഗ്രഹിച്ച സ്വപ്‌നക്കാഴ്ച കണ്‍മുന്നില്‍. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികള്‍ പൂത്ത് വിരിഞ്ഞു നില്‍ക്കുന്ന മലനിരകള്‍. ചുറ്റുമുള്ള നാലോ അഞ്ചോ മലകളില്‍ മുഴുവനായി കോടമഞ്ഞില്‍ കുളിച്ച് പൂത്തുലഞ്ഞ് നില്‍ക്കുന്ന നീലക്കുറിഞ്ഞികള്‍… ഇടയ്ക്ക് കാറ്റടിക്കുമ്പോള്‍ കോടമഞ്ഞില്‍ നീലക്കുറിഞ്ഞികള്‍ മുഴുവനായി മൂടിപ്പോകും. എനിക്കറിയില്ല, ആ കാഴ്ചകള്‍ എങ്ങനെ വിവരിക്കണമെന്ന്… വല്ലാത്തൊരു അനുഭൂതിയാണ് ആ കാഴ്ച ഞങ്ങള്‍ക്ക് സമ്മാനിച്ചത്.
ഇടുക്കിയിലെ ശാന്തൻപാറ പഞ്ചായത്തിലാണ് കള്ളിപ്പാറ സ്ഥിതി ചെയ്യുന്നത്. തമിഴ്നാടുമായുള്ള അതിർത്തി പ്രദേശമാണ്. ഏതാനും മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ ചെലവഴിച്ചു. ശനിയാഴ്ചയായതിനാല്‍ നിരവധി പേരാണ് നീലക്കുറിഞ്ഞി പൂത്തത് കാണാനായി അങ്ങോട്ടേക്ക് എത്തിക്കൊണ്ടിരുന്നത്. പത്ത് മണി കഴിഞ്ഞതോടെ സഞ്ചാരികള്‍ അങ്ങോട്ടേക്ക് ഒഴുകിയെത്തുകയായിരുന്നു.
വെയില്‍ പരന്നതോടെ ഞാന്‍ അവിടെ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ചു. മടക്കം ഒറ്റയ്ക്കായിരുന്നു. ഒപ്പമുണ്ടായിരുന്ന ആറ് പേര്‍ അവിടെ തുടര്‍ന്നു. മടങ്ങുമ്പോള്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര കണ്ടു. രണ്ട് മണിക്കൂറോളം ബ്ലോക്കില്‍ കിടന്നാണ് എന്റെ ബസ് അവിടെ നിന്ന് പുറത്ത് കടന്നത്.
ഉടുമ്പന്‍ചോല വഴി കട്ടപ്പനയിലാണ് ഞാനെത്തിയത്. കട്ടപ്പനയില്‍ കുറച്ച് സമയം ചെലവഴിച്ചു. അവിടെ നിന്ന് ഇടുക്കി അണക്കെട്ടിന്റെ മനോഹരമായ ദൂരദൃശ്യം കണ്ടു.
ഇടുക്കിയോട് വിട പറയാന്‍ സമയമായി. ഞാൻ കയറിയ ബസ് എറണാകുളം ലക്ഷ്യമാക്കി കുതിച്ചു പായുകയാണ്. എറണാകുളത്ത് നിന്നാണ് നാട്ടിലേക്കുള്ള വണ്ടി പിടിക്കേണ്ടത്. പുലർച്ചെയാകുമ്പോഴേക്കേ കൊയിലാണ്ടി എത്തൂ. എന്നാല്‍ ബസ്സില്‍ കണ്ണടച്ചിരിക്കുമ്പോള്‍ അതൊന്നുമായിരുന്നില്ല എന്റെ മനസില്‍. പൂത്തുലഞ്ഞ് നില്‍ക്കുന്ന നീലക്കുറിഞ്ഞികള്‍ മാത്രം….
നീലക്കുറിഞ്ഞി പൂത്തതിന്റെ വീഡിയോ കാണാം:
ഇതുപോലുള്ള നിങ്ങളുടെ യാത്രാനുഭവങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിൽ പ്രസിദ്ധീകരിക്കാനായി ഞങ്ങൾക്ക് വാട്ട്സ്ആപ്പിലൂടെ അയക്കൂ. അതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
Summery: Koyilandy native youngsters visit Kallippara, Idukki to witness Neelakkurinji bloom.