മലയാളികളുടെ വിഷു കളറാക്കാന്‍ രാജസ്ഥാന്‍ സ്വദേശികള്‍ ഒരുങ്ങിക്കഴിഞ്ഞു; കണിയൊരുക്കാന്‍ പൂക്കാട് ശ്രീകൃഷ്ണ പ്രതിമകള്‍ തയ്യാറാണ്- ചിത്രങ്ങള്‍ കാണാം


ചേമഞ്ചേരി: മലയാളികള്‍ക്ക് വിഷുക്കണിയൊരുക്കാന്‍ മനോഹരമായ ശ്രീകൃഷ്ണ പ്രതിമകള്‍ പൂക്കാട് തയ്യാറായിക്കഴിഞ്ഞു. രാജസ്ഥാന്‍ സ്വദേശിയായ രമേശ് ബാബുവും കുടുംബവുമാണ് കൃഷ്ണ പ്രതിമകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നത്.

വൈറ്റ്സിമന്റിലാണ് വിഗ്രഹങ്ങള്‍ തീര്‍ക്കുന്നത്. ഇതിനായി പ്രത്യേകം അച്ചുകളുണ്ട്. വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ നിറം കൊടുക്കലും വെയിലത്ത് ഉണക്കിയെടുക്കലും സ്ത്രീകളുടെ ജോലിയാണ്. അഞ്ഞൂറ് രൂപ മുതലാണ് വിഗ്രഹങ്ങളുടെ വില. വിഷു അടുത്താല്‍ ഉന്തുവണ്ടികളിലായി സമീപ പ്രദേശങ്ങളിലും ഇവര്‍ നേരിട്ട് വില്‍പ്പന നടത്തും.

രാജസ്ഥാന്‍ സ്വദേശികളായ ഇവര്‍ ചേമഞ്ചേരിയിലെത്തിയിട്ട് മുപ്പത് വര്‍ഷത്തോളമായി. അഞ്ച് കുടുംബങ്ങളിലായി അമ്പതോളം പേരായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ദേശീയപാത വീതികൂട്ടല്‍ പ്രവൃത്തി ആരംഭിച്ചതോടെ ഇവരില്‍ പല കുടുംബങ്ങളും പെരുവഴിയിലായി. രണ്ട് കുടുംബങ്ങള്‍ മാത്രമാണ് സ്ഥിരമായി പൂക്കാട് താമസിക്കുന്നത്. ബാക്കിയുള്ളവരെല്ലാം സീസണ്‍ അടുപ്പിച്ച് ഇവിടെയെത്തുകയാണ് ചെയ്യുന്നത്.

ശ്രീകൃഷ്ണന്റെയും വിവിധ ദൈവങ്ങളുടെയും പ്രതിമകള്‍ക്ക് പുറമേ കുതിര, ആന എന്നിവയും ഇവിടെ നിര്‍മ്മക്കാറുണ്ട്. വിഷുക്കാലമായതിനാല്‍ കൂടുതല്‍ വിറ്റഴിയുന്നത് ശ്രീകൃഷ്ണ പ്രതിമയാണെന്ന് രമേശ് ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.