പി.എം.എ.വൈ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിക്ക് കൊയിലാണ്ടി നഗരസഭയില്‍ തുടക്കം; 1022 പേര്‍ക്ക് കാര്‍ഡ് വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭ പി.എം.എ.വൈ (നഗരം) ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1022 പേര്‍ക്ക് കാര്‍ഡ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു കെ.അധ്യക്ഷത വഹിച്ചു.
നാല് ലക്ഷം രൂപയാണ് രൂപയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ മൂന്ന് വര്‍ഷത്തെ ഇന്‍ഷുറന്‍സ് ഗഡുക്കള്‍ സര്‍ക്കാര്‍ അടവാക്കിയിട്ടുണ്ട്. തുടര്‍ന്നുവരുന്ന വര്‍ഷങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് പ്രീമിയം അടച്ച് ഇന്‍ഷൂറന്‍സ് പുതുക്കാവുന്നതാണ്.
പി.എം.എ.വൈ – എസ്.ഡിഎസ് രചന വി.ആര്‍ പദ്ധതി വിശദീകരിച്ചു. അഗ്‌നിരക്ഷാസേനയുടെ ഗാര്‍ഹിക സുരക്ഷയെ സംബന്ധിച്ച് റിട്ട. ഫയര്‍ സ്റ്റേഷന്‍ മാനേജര്‍ ആനന്ദന്‍.സി.പി ക്ലാസ്സെടുത്തു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി എന്നിവര്‍ സംസാരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പി ഇന്ദുലേഖ നന്ദിയും പറഞ്ഞു.