കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ്; നടപടിക്രമങ്ങളില്‍ അപാകതയെന്ന് ഹൈക്കോടതി; അസാധുവോട്ടുകള്‍ റീകൗണ്ടിങ്ങില്‍ പരിഗണിച്ചതെന്തിനെന്നും കോടതി


കൊച്ചി: കേരളവര്‍മ്മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ റീകൗണ്ടിങ് നടപടിക്രമങ്ങളില്‍ അപാകതയുണ്ടായെന്ന് ഹൈക്കോടതി. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.

ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറഞ്ഞില്ല. കഴിഞ്ഞദിവസം ഹര്‍ജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിലയിരുത്തല്‍.

ടാബുലേഷന്‍ രേഖകള്‍ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോള്‍ കണ്ടെത്തിയ അസാധുവോട്ടുകള്‍ റീകൗണ്ടിങില്‍ പരിഗണിച്ചത് എങ്ങനെയെന്ന് കോടതി ആരാഞ്ഞു. അസാധുവോട്ടുകള്‍ കണ്ടെത്തിയാല്‍ അവ മാറ്റിവെച്ചാണ് റീകൗണ്ടിങ് നടത്തുക. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥിക്ക് 896 വോട്ടും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്നും കോടതി വ്യക്തമാക്കി.

റീ കൗണ്ടിങ്ങ് ആവശ്യപ്പെട്ട് എസ്.എഫ്.ഐ സ്ഥാനാര്‍ഥി നല്‍കിയ അപേക്ഷയില്‍ ഒരു കാരണവും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ആശയക്കുഴപ്പം ഉണ്ടെന്ന് മാത്രമാണ് പരാതിയില്‍ ഉള്ളതെന്നും കോടതി പറഞ്ഞു.

അസാധു വോട്ടുകള്‍ റീ കൗണ്ടിങില്‍ സാധുവായി പരിഗണിച്ചാണ് എസ്.എഫ്.ഐ ജയിച്ചതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇത് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും, അതിനാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം.