കൈകളിൽ മൈലാഞ്ചി അത്ഭുതം തീർത്തപ്പോൾ കണ്ണുകളിൽ കൗതുകം നിറച്ച് വിദ്യാർത്ഥികൾ; മൈലാഞ്ചിമൊഞ്ചിൽ പെരുവട്ടൂർ എൽ.പി സ്കൂൾ; ഇത് സാഹോദര്യത്തിന്റെ ചേല്


കൊയിലാണ്ടി: മൈലാഞ്ചി അണിഞ്ഞ കൈകൾ തമ്മിൽ തമ്മിൽ കാട്ടുമ്പോൾ പലർക്കും അത്ഭുതമായിരുന്നു, പുഞ്ചിരിയോടെ തന്റെ കൈകളിലെ വർണ്ണങ്ങൾ അവർ മറ്റു കുട്ടികൾക്കും കാട്ടി. നിരവധി കുട്ടികൾക്ക് ഇത് ആദ്യത്തെ അനുഭവമായിരുന്നു. പെരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മൈലാഞ്ചി അണിഞ്ഞ് പെരുവട്ടൂർ എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. ബലിപെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി മൈലാഞ്ചി മൊഞ്ച് എന്ന പരിപാടി സംഘടിപ്പിച്ചു.

സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മൈലാഞ്ചി ചേലണിഞ്ഞത് വിദ്യാർത്ഥികളിൽ പുത്തൻ അനുഭവങ്ങളുടെ പട്ടുറുമാൽ സമ്മാനിച്ചു. വിവിധ ആഘോഷങ്ങളെ എന്നും കൈ നീട്ടി സ്വീകരിച്ച പെരുവട്ടൂർ എൽ.പി സ്കൂൾ വിശുദ്ധ ബലിപെരുന്നാളിനും മാനവ സ്നേഹത്തിന്റെ മൈലാഞ്ചിക്കൂട്ട് കുരുന്നുകളുടെ കൈകളിൽ ചാർത്തി.

ഹെഡ്മിസ്ട്രസ്സ് സൗമിനി ഇ, അധ്യാപകരായ ഇന്ദിര സി.കെ, രാജഗോപാലൻ എൻ.കെ, സിറാജ്, ഇ, ഉഷശ്രീ, നൗഷാദ്, ആർ.കെ നിഷിധ, പി ഷഹന തുടങ്ങിയവർ നേതൃത്വം നൽകി.