പേരാമ്പ്ര എടവരാട് വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ഓട്ടോറിക്ഷയും ബൈക്കും കത്തിനശിച്ച നിലയില്‍


പേരാമ്പ്ര: എടവരാട് വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പ്രദേശത്തെ രണ്ടു പേരുടെ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതായി പരാതി. കൊയിലോത്ത് മോഹനന്‍ എന്നയാളുടെ ഓട്ടോറിക്ഷയും കൊയിലോത്ത് ഷിബിന്‍ എന്നയാളുടെ
ബൈക്കുമാണ് തീവെച്ചത്.

തീ ആളിക്കത്തുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഈ മാസം ഇത് രണ്ടാം തവണയാണ് എടവരാട് വാഹനങ്ങള്‍ തീവെച്ചു നശിപ്പിക്കുന്നത്.

22ന് മഞ്ചേരികുന്നിലെ രണ്ടു പേരുടെ വാഹനങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരുന്നു. മഞ്ചേരിക്കുന്ന് മുക്കള്ളില്‍ സക്കീര്‍, കളരിപ്പറമ്പില്‍ അതുല്‍ രാജിന്റെ രാജ് എന്നിവരുടെ വാഹനങ്ങളാണ് നശിപ്പിച്ചത്. സക്കീറിന്റെ ഓട്ടോറിക്ഷ വീട്ടില്‍ നിന്നും തള്ളി റോഡില്‍ എത്തിച്ച ശേഷം തീയിടുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായി കത്തി നശിച്ചിരുന്നു. അതുലിന്റെ ഓട്ടോറിക്ഷ വീടിന് സമീപത്തുള്ള റോഡില്‍ എത്തിച്ച ശേഷം മറിച്ചിടുകയാണ് ചെയ്തത്.

തുടര്‍ന്ന് രണ്ടു പേരും പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.