പണയംവെച്ച 21ലക്ഷം രൂപയുടെ പേരില്‍ നിക്ഷേപകനെ കബളിപ്പിച്ചു; കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെ ക്ലര്‍ക്ക് ഉള്‍പ്പെടെ മൂന്നുപേര്‍ കീഴടങ്ങി


കോഴിക്കോട്: സ്വകാര്യസ്ഥാപനത്തില്‍ സ്വര്‍ണം പണയംവെച്ച യുവാവിനെ കബളിപ്പിച്ച മൂന്നുപേര്‍ കീഴടങ്ങി. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ ക്ലര്‍ക്കായ മക്കട പുതുക്കുടി പി.ബിപിന്‍ (40), മക്കട പറമ്പില്‍ത്താഴം നിരാമലയില്‍ രഞ്ജിത്ത് (42), ചെറുകുളം മിഥുന്‍(42) എന്നിവരാണ് മറ്റുള്ളവര്‍. ബിപിന്‍ സസ്‌പെന്‍ഷനിലാണ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങിയത്.

മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. പാളയത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ 21 ലക്ഷത്തില്‍പ്പരം രൂപയുടെ സ്വര്‍ണം ഈടുവെച്ച യുവാവിനെയാണ് പ്രതികള്‍ കബളിപ്പിച്ചത്. വായ്പ ഏറ്റെടുക്കുന്നതിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നുപേരും ചേര്‍ന്ന് സ്വര്‍ണം മറ്റൊരു സ്ഥാപനത്തില്‍ പ്രതികളിലൊരാളായ മിഥുന്റെ അക്കൗണ്ടില്‍ മാറ്റിവെപ്പിക്കുകയായിരുന്നു. പിന്നീട് ഈ സ്വര്‍ണം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ കൊടുക്കാതിരിക്കുകയായിരുന്നു.

കേസില്‍ പ്രതികള്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി പൊലീസിന് മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദേശിച്ചത്. പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.