റെയില്‍പ്പാത മുറിച്ചുകടക്കാനുള്ള വഴികള്‍ ഓരോന്നായി അടച്ച് റെയില്‍വേ അധികൃതര്‍; നന്തിയില്‍ റെയില്‍വേ അടിപ്പാതയെന്ന ആവശ്യമുയര്‍ത്തി സമരപ്രഖ്യാപന ബഹുജന കണ്‍വന്‍ഷനുമായി ജനകീയ കമ്മിറ്റി


നന്തിബസാര്‍: നന്തിയിലെ റെയില്‍വേ മുറിച്ചുകടക്കാനുള്ള സൗകര്യങ്ങള്‍ ഒന്നിനു പുറമേ ഒന്നായി എടുത്തുമാറ്റിയ സാഹചര്യത്തില്‍ റെയില്‍വേ അടിപ്പാതയെന്ന ആവശ്യം ശക്തമാക്കി നാട്ടുകാര്‍. റെയില്‍വേ അടിപ്പാത എന്ന ആവശ്യമുയര്‍ത്തി നന്തി റെയില്‍വേ അടിപ്പാത ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 31ന് നന്തി ടൗണില്‍ സമരപ്രഖ്യാപന ബഹുജന കുടുംബ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുകയാണ്.

ലൈറ്റ് ഹൗസിലേക്ക് പോകുന്നവഴിയിലും ദേശീയപാതയിലുമായി രണ്ട് റെയില്‍വേ ലെവല്‍ ക്രോസുകള്‍ നേരത്തെ നന്തിയിലുണ്ടായിരുന്നു. ലൈറ്റ് ഹൗസിലേക്ക് പോകാന്‍ ബദല്‍പാത വന്നതോടെ ഒരു ലെവല്‍ ക്രോസ് അടച്ചു. മേല്‍പ്പാലം വന്നതോടെ രണ്ടാമത്തെ ക്രോസും അടച്ചു. ഇതോടെ റെയിലിന് അപ്പുറവും ഇപ്പുറവുമുള്ളവര്‍ മറുവശത്തേക്ക് പോകാന്‍ ഏറെ പ്രയാസപ്പെടുന്ന സ്ഥിതിയായിരുന്നു.

അടുത്തിടെയായി റെയില്‍ കോസ് ചെയ്യാനായുണ്ടായിരുന്ന സ്‌റ്റെപ്പുകളും റെയില്‍വേ പൊളിച്ചുമാറ്റുകയും റെയില്‍പ്പാളം മുറിച്ചുകടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും തുടങ്ങിയതോടെ പ്രദേശവാസികള്‍ യാത്രാദുരിതം അനുഭവിക്കുകയാണ്. ആശുപത്രിയിലേക്ക് പോകുന്നവരും സ്‌കൂള്‍ വിദ്യാര്‍ഥികളുമൊക്കെയാണ് വീട് നില്‍ക്കുന്ന ഭാഗത്തുനിന്നും മറുവശത്തേക്ക് പോകാന്‍ ഏറെ പ്രയാസപ്പെടുന്നത്. നിലവില്‍ നിയമപരമായി റെയിലിന് മറുവശത്തേക്ക് കടക്കാനുള്ള സൗകര്യം ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു.

കോഴിക്കോട് വെള്ളയില്‍ പുതുവര്‍ഷരാത്രിയില്‍ നടന്ന അപകടത്തിന്റെ കാര്യം പറഞ്ഞാണ് റെയില്‍വേ അധികൃതര്‍ നിലവില്‍ റെയില്‍ ക്രോസ് ചെയ്യാനുള്ള വഴികള്‍ അടയ്ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വളരെ അപൂര്‍വ്വം നടക്കുന്ന അപകടങ്ങളുടെ കാരണം പറഞ്ഞ് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയുണ്ടാക്കരുതെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. പ്രതികാര നടപടി പോലെ റെയിലിന് ഇരുവശത്തുമായി വ്യാപകമായി വേലി കെട്ടാനുള്ള ശ്രമവും റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

നന്തിയില്‍ നാട്ടുകാര്‍ക്ക് സുരക്ഷിതമായ യാത്രയ്ക്ക് റെയില്‍വേ അടിപ്പാതയെന്ന ആവശ്യം ഏറെക്കാലമായി പ്രദേശവാസികള്‍ ഉന്നയിക്കുന്നതാണ്. 2016ല്‍ ഇതിനായി മൂന്നുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. എന്നാല്‍ നിര്‍മ്മാണ ചെലവ് മുഴുവന്‍ വഹിച്ചാല്‍ അടിപ്പാതയെന്ന നിലപാടാണ് റെയില്‍വേ സ്വീകരിക്കുന്നത്. അടിപ്പാതയുടെ ആവശ്യത്തിനായി മൂന്നുലക്ഷത്തോളം രൂപ നാട്ടുകാരില്‍ നിന്നായി സമാഹരിച്ചിട്ടുണ്ട്. മുഴുവന്‍ തുകയും നാട്ടുകാരില്‍ നിന്നു സമാഹരിക്കുകയെന്നത് നടക്കാത്ത കാര്യമാണ്. അതിനാല്‍ സംസ്ഥാന കേന്ദ്രസര്‍ക്കാറുകള്‍ ഇതിനായി ഫണ്ട് അനുവദിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

അടിപ്പാതയെന്ന ആവശ്യമുയര്‍ത്തി മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ചെയര്‍മാനായ ജനകീയ കമ്മിറ്റി നിലവിലുണ്ട്. റെയില്‍പ്പാത മുറിച്ചുകടക്കാനുള്ള മറ്റ് വഴികള്‍ കൂടി അടച്ച സാഹചര്യത്തിലാണ് ജനകീയ കമ്മിറ്റി അടിപ്പാതയെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കി രംഗത്തെത്തുകയും സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുകയും ചെയ്തത്.