ആലപ്പുഴയില്‍വെച്ച് ട്രെയിനില്‍ നിന്ന് വീണു; ചെങ്ങോട്ടുകാവ് സ്വദേശിയായ 25കാരന്‍ മരിച്ചു


ചെങ്ങോട്ടുകാവ്: ആലപ്പുഴവെച്ച് ട്രെയിനില്‍ നിന്ന് ചെങ്ങോട്ടുകാവ് സ്വദേശിയായ യുവാവ് മരിച്ചു. ചെങ്ങോട്ടുകാവ് കാവുങ്കല്‍ ഫയസ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു.

തുമ്പോളി റെയില്‍വേ സ്‌റ്റേഷന് തെക്കുവശത്തുവെച്ച് ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു. ഞായറാഴ്ച പകല്‍ 12.45 ഓടെയാണ് സംഭവം. നേത്രാവതി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്നും വീട്ടിലേക്ക് വരികയായിരുന്നു.

ട്രെയിനില്‍ നിന്നും വീണ ഫയസിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. വിദേശത്തായിരുന്ന ഫയസ് അടുത്തിടെയാണ് നാട്ടിലെത്തിയത്.

മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് വൈകുന്നേരത്തോടെ ചെങ്ങോട്ടുകാവിലേക്ക് കൊണ്ടുവരും.

ഉപ്പ: കീഴ്പ്പുറത്ത് ഗഫൂര്‍ കിമ്മാസ്.