സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക കുഞ്ഞനുജന് നല്‍കിയ കുരുന്നുകൾ, തേങ്ങ വിറ്റും ഓട്ടോറിക്ഷ ഓടിച്ചും കുറി നടത്തിയും ചികിത്സയ്ക്കായി ധനസമാഹരണം; പുഞ്ചിരി ബാക്കിയാക്കി ധാര്‍മ്മിക് വിട വാങ്ങുമ്പോള്‍ കരച്ചിലടക്കാനാകാതെ നാട്


സ്വന്തം ലേഖകൻ

കൊയിലാണ്ടി: നാല് വയസ് മാത്രമേ കുഞ്ഞു ധാര്‍മ്മികിന് ഉണ്ടായിരുന്നുള്ളു. എല്ലാ കുരുന്നുകളെയും പോലെ ചിരിച്ചുകളിച്ച് നമുക്ക് ചുറ്റും ഓടിക്കളിച്ച് നടക്കേണ്ട പ്രായം. എന്നാല്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ വിധി ധാര്‍മ്മികിനോട് ക്രൂരത കാണിച്ചു.

രണ്ട് വയസാവുമ്പോഴാണ് ധാര്‍മ്മികിന് രക്താര്‍ബുദം (ലുക്കീമിയ) എന്ന രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സയിലൂടെ അവന്‍ ജീവിതത്തിലേക്ക് മടങ്ങി. രോഗം ഭേദമായ ധാര്‍മ്മിക് നഴ്‌സറി ക്ലാസില്‍ പഠനം തുടങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ ആ ആശ്വാസം താല്‍ക്കാലികമായിരുന്നു. ലുക്കീമിയ വീണ്ടും പിടിമുറുക്കിയതോടെ ധാര്‍മ്മികിന്റെ ആരോഗ്യം മോശമായി. വലിയ ചിലവുള്ള ചികിത്സയ്ക്ക് നല്‍കാന്‍ പണമില്ലാതിരുന്ന ധാര്‍മ്മികിന്റെ കുടുംബവും എന്തുചെയ്യണമെന്ന് അറിയാതെ വിധിയുടെ ക്രൂരതയ്ക്ക് മുന്നില്‍ പകച്ച് നിന്നു.


Related News: പ്രതീക്ഷകള്‍ പാഴായി, വേദനകളില്ലാത്ത ലോകത്തേക്ക് അവന്‍ യാത്രയായി; നടേരി കാവുംവട്ടത്തെ നാലുവയസുകാരന്‍ ധാര്‍മ്മിക് അന്തരിച്ചു


മജ്ജ മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സകളാല്‍ മാത്രമേ ധാര്‍മ്മികിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ എന്ന് എം.സി.സിയിലെ ഡോക്ടര്‍മാര്‍ വിധിയെഴുതി. അറുപത് ലക്ഷത്തിലേറെ രൂപയാണ് ചികിത്സയ്ക്ക് ആവശ്യമായിരുന്നത്. ധാര്‍മ്മികിന്റെ അച്ഛന്‍ ബാബുവിനും രൂപയ്ക്കും താങ്ങാന്‍ കഴിയുന്നതായിരുന്നില്ല ആ വലിയ തുക.

പിന്നീടങ്ങോട്ട് ധാര്‍മ്മികിന്റെ ജീവന്‍ സംരക്ഷിക്കാനായി ഒരു നാടാകെ കൈ കോര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ധാര്‍മ്മികിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചു. കെ.മുരളീധരന്‍ എം.പിയും കാനത്തില്‍ ജമീല എം.എല്‍.എയും രക്ഷാധികാരികളായി രൂപീകരിച്ച കമ്മിറ്റിക്ക് വേണ്ടി കൊയിലാണ്ടി യൂണിയന്‍ ബാങ്കില്‍ പ്രത്യേക അക്കൗണ്ട് ആരംഭിച്ചു. കൊയിലാണ്ടി ഇന്നുവരെ കാണാത്ത തരത്തില്‍ വിപുലമായ ധനസമാഹരണമാണ് പിന്നീടങ്ങോട്ട് കണ്ടത്.


Archived News: കൂട്ടുകാർക്കൊപ്പം കളിച്ച് ചിരിച്ച് ധാർമ്മിക്കിന് നഴ്സറിയിൽ പോവണം, ചികിത്സയ്ക്ക് വേണം 60 ലക്ഷത്തോളം രൂപ; ​ഗുരുതരമായ ലുക്കിമിയ രോ​ഗം ബാധിച്ച കാവുംവട്ടത്തെ നാലരവയസുകാരന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ നമുക്കും കെെകോർക്കാം


ധാര്‍മ്മികിന്റെ രോഗാവസ്ഥയും അക്കൗണ്ട് വിവരങ്ങളുമെല്ലാം ഉള്‍പ്പെടുത്തി വലിയ പ്രചരണം മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ നാടാകെ നടത്തിയപ്പോള്‍ നാനാഭാഗത്ത് നിന്നും സഹായധനം പ്രവഹിച്ചു. വ്യക്തികള്‍ മാത്രമല്ല, രാഷ്ട്രീയപാര്‍ട്ടികള്‍, സംഘടനകള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍ തുടങ്ങി വിവിധ കൂട്ടായ്മകളും ധാര്‍മ്മികിന്റെ പുഞ്ചിരി നിലനിര്‍ത്താനായി വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ധനസമാഹരണം നടത്തി.

‘സൈക്കിള്‍ പിന്നെ വാങ്ങാം, കുഞ്ഞനുജന്റെ ജീവനാണ് മുഖ്യം’

സ്വന്തമായൊരു സൈക്കിള്‍ എന്ന സ്വപ്‌നമുണ്ടായിരുന്നവരാണ് ഒറ്റക്കണ്ടത്തെ നൈതികും വേദികും. അതിനായി ഇരുവരും കിട്ടുന്ന പണം മുഴുവന്‍ തങ്ങളുടെ കുടുക്കകളില്‍ ശേഖരിച്ച് വയ്ക്കുക പതിവായിരുന്നു. അപ്പോഴാണ് ജീവന് വേണ്ടി പൊരുതുന്ന ധാര്‍മ്മികിന് ചികിത്സയ്ക്കായി പണം വേണം എന്ന വാര്‍ത്ത അവരുടെ കാതിലെത്തുന്നത്. തങ്ങളുടെ കുഞ്ഞനുജനായ ധാര്‍മ്മികിന് വേണ്ടി സൈക്കിള്‍ എന്ന സ്വപ്‌നം ഉപേക്ഷിച്ച ഇരുവരും സ്വന്തം സമ്പാദ്യം മുഴുവന്‍ ചികിത്സാ ഫണ്ടിലേക്ക് കൈമാറി. ഇതോടൊപ്പം മുടി നീട്ടി വളര്‍ത്തി അത് ക്യാന്‍സര്‍ രോഗികള്‍ക്കായി നല്‍കാനും നൈതിക് തീരുമാനിച്ചിരുന്നു.


Read More: ‘സൈക്കിൾ പിന്നെ വാങ്ങാം, ഇപ്പോൾ ആവശ്യം ധാർമ്മിക്കിനല്ലേ…’; ധാർമ്മികിന്റെ ചികിത്സയ്ക്കായുള്ള 60 ലക്ഷം രൂപ ശേഖരണത്തിലേക്ക് സംഭാവന നൽകി കുഞ്ഞു മനസ്സുകൾ


കാരുണ്യത്തിന്റെ മൂന്ന് ചക്രങ്ങള്‍

ധാര്‍മ്മികിന്റെ ജീവന്‍ രക്ഷിക്കാനുള്ള നാടിന്റെ പരിശ്രമത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികളും പങ്കുചേര്‍ന്നിരുന്നു. കാവുംവട്ടത്തെ ഓട്ടോറിക്ഷകള്‍ ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും നിറഞ്ഞ മനസോടെ ധാര്‍മ്മികിനായി നല്‍കി. പുഞ്ചിരിക്കുന്ന മുഖമുള്ള ധാര്‍മ്മികിന്റെ ചിത്രം ഉള്‍പ്പെടെ പതിച്ചാണ് ആ ദിവസം ഓട്ടോറിക്ഷകള്‍ ഓടിയത്. യാത്രക്കാരില്‍ പലരും ഓട്ടത്തിന് കൊടുത്ത തുകയുടെ ബാക്കി വാങ്ങാതിരിക്കുകയും ചികിത്സാ നിധിയിലേക്ക് കൂടുതല്‍ തുക ഓട്ടോറിക്ഷാ തൊഴിലാളികളെ ഏല്‍പ്പിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇത്തരത്തില്‍ 21,780 രൂപയാണ് ഓട്ടോ തൊഴിലാളികള്‍ സമാഹരിച്ച് ചികിത്സാ ഫണ്ടിലേക്ക് കൈമാറിയത്.


Read More: കാവുംവട്ടത്തെ ഓട്ടോറിക്ഷകൾ ഇന്ന് സർവ്വീസ് നടത്തിയത് ഗുരുതര രോഗം ബാധിച്ച നാലു വയസുകാരൻ ധാർമ്മികിന്റെ ചികിത്സയ്ക്കായി


 

‘പച്ചയായ സ്‌നേഹം പച്ചക്കറി വിറ്റ്’

യൂത്ത് കോണ്‍ഗ്രസ് ധാര്‍മ്മികിനായി പണം കണ്ടെത്തിയത് പച്ചക്കറി വിറ്റാണ്. ‘പച്ചയായ സ്‌നേഹം പച്ചക്കറി വിറ്റ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് ആയിരത്തോളം പച്ചക്കറി കിറ്റുകള്‍ വിറ്റത്. യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാപകദിനമായ ഓഗസ്റ്റ് 10 നായിരുന്നു ഇത്. പച്ചക്കറി വില്‍പ്പനയിലൂടെ സമാഹരിച്ച 60,450 രൂപ ഭാരവാഹികള്‍ ചികിത്സാ ഫണ്ടിലേക്ക് കൈമാറിയിരുന്നു.


Read More: പച്ചക്കറി വിറ്റും പണം കണ്ടെത്തണം, കുഞ്ഞു ധാർമ്മിക്കിന്റെ ചികിത്സയ്ക്കായി; ആയിരത്തോളം കിറ്റുകൾ വിറ്റ് ചികിത്സ സമാഹരണത്തിലേക്ക് സംഭാവന നൽകി മുത്താമ്പി യൂത്ത് കോൺഗ്രസ്


സഹായ കുറി

പണ്ടുമുതല്‍ക്കേ നമ്മുടെ നാട്ടില്‍ പണം സമാഹരിക്കാനുള്ള ജനകീയമായ മാര്‍ഗമാണ് കുറി. ധാര്‍മ്മികിനായി നടേരിയില്‍ സഹായ കുറി നടത്തിയും പണം സമാഹരിച്ചിരുന്നു. വിവിധ കേന്ദ്രങ്ങളിലായി സഹായ കുറിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു.


Read More: നാല് വയസ്സുകാരന്റെ ചികിത്സയ്ക്കായി നടേരിയിൽ സംഘടിപ്പിച്ച ചികിത്സ ധനസമാഹരണ സഹായകുറിയിൽ വൻ ജനപങ്കാളിത്തം


തേങ്ങ വിറ്റും ധനസമാഹരണം

വീടുകള്‍ തോറും കയറിയിറങ്ങി തേങ്ങകള്‍ സംഭാവനയായി ശേഖരിക്കുക. അതെല്ലാം ലേലം ചെയ്ത് പണം സമാഹരിക്കുക. കുഞ്ഞുധാര്‍മ്മികിനായി മുസ്ലിം യൂത്ത് ലീഗ് അവലംബിച്ച മാര്‍ഗം ഇതായിരുന്നു. നടേരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ് നാളികേര വില്‍പ്പനയിലൂടെ പണം സമാഹരിച്ചത്. നൂറിലധികം വീടുകളില്‍ നിന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തേങ്ങകള്‍ ശേഖരിച്ചത്. ഇവ വിറ്റ് കിട്ടിയ മുഴുവന്‍ പണവും ധാര്‍മ്മികിനായി അവര്‍ കൈമാറി.


Read More: ചികിത്സയ്ക്കായുള്ള പണത്തിനായി നാളികേരം വിറ്റും പണമൊരുക്കാൻ നടേരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി


ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പായസം ചലഞ്ച് നടത്തിയും ധാർമ്മികിന്റെ ചികിത്സയ്ക്കായി പണം സമാഹരിച്ചിട്ടുണ്ട്.

മേല്‍പ്പറഞ്ഞതിന് പുറമെ വേറെയും നിരവധി പേര്‍ ധാര്‍മ്മികിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ പല മാര്‍ഗങ്ങളിലൂടെയും പണം കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി ന്യൂസ് ഡോട് കോം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ചികിത്സാ ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ടുകൊണ്ട് വലിയ പ്രചരണം നടത്തിയിരുന്നു.

എന്നാല്‍ നമ്മളെയെല്ലാവരെയും ദുഃഖത്തിലാഴ്ത്തിയാണ് ഇന്ന് ധാര്‍മ്മിക് വിട പറഞ്ഞത്. തങ്ങളാല്‍ കഴിയുംവിധം നാടൊന്നാകെ കൈകോര്‍ത്ത് പിടിച്ചിട്ടും ആ നനുത്ത പുഞ്ചിരി ബാക്കിയാക്കി അവന്‍ മടങ്ങുകയായിരുന്നു.

ധാർമ്മികിന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ആദരാഞ്ജലി…


Also Read: ധാർമ്മികിനായി കാവുംവട്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ സമാഹരിച്ച തുക ചികിത്സാ ഫണ്ടിലേക്ക് കൈമാറി