കൂട്ടുകാർക്കൊപ്പം കളിച്ച് ചിരിച്ച് ധാർമ്മിക്കിന് നഴ്സറിയിൽ പോവണം, ചികിത്സയ്ക്ക് വേണം 60 ലക്ഷത്തോളം രൂപ; ​ഗുരുതരമായ ലുക്കിമിയ രോ​ഗം ബാധിച്ച കാവുംവട്ടത്തെ നാലരവയസുകാരന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ നമുക്കും കെെകോർക്കാം


കൊയിലാണ്ടി: പുതിയ ബാ​ഗും കുടയുമായി നഴ്സറിയിൽ പോകാമെന്ന് കരുതി സന്തോഷത്തിലായിരുന്നു കാവുംവട്ടത്തെ പയർവിട്ടിൽ മീത്തൽ ബാബുവിന്റെ നാലരവയസ്സുള്ള മകൻ ധാർമ്മിക്. എന്നാൽ പ്രതീക്ഷകൾക്കെല്ലാം കരിനിഴൽ വീഴ്ത്തി പനിയുടെ രൂപത്തിലെത്തിയ ലുക്കീമിയ വീണ്ടുമവനിൽ പിടിമുറുക്കി. ധാർമ്മികിന്റെ ജീവൻ നിലനിർത്താൻ ഇനി മജ്ജ മാറ്റിവെക്കൽ ഉൾപ്പെടെ വിദഗ്ദചികിത്സ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. തുടർ ചികിത്സയ്ക്ക് അറുപതുലക്ഷം രൂപ വേണ്ടിവരും. പൊന്നോമനയുടെ ചികിത്സയ്ക്ക് സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ബാബുവും കുടുംബവും.

രണ്ടര വർഷത്തോളമായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു ധാർമ്മിക്. ചികിത്സയുടെ ഒരു ഘട്ടത്തിൽ രോഗം ഭേദമായെന്നും നഴ്സറിയിൽ പോവാമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രതീക്ഷകളെ തകർത്ത് പെട്ടെന്നൊരു പനി വരികയും പരിശോധനയെത്തുടർന്ന് വീണ്ടും ലുക്കീമിയ ഗുരുതരമാം വിധം തിരിച്ചു വന്നിരിക്കയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ധാർമിക്കിനെ ഇപ്പോൾ എം.സി.സി.യിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ തുടരുകയാണ്. അപൂർവ്വമായ ഈ രോഗത്തിന് മജ്ജ മാറ്റിവെക്കൽ ഉൾപ്പെടെ വിദഗ്ദചികിത്സ നടത്തിയാൽ മാത്രമേ ജീവൻ രക്ഷിക്കാനാവൂ എന്നും അത്യന്തം സങ്കീർണ്ണമായ ഈ ചികിത്സ സി.എം.സി. വെല്ലൂരിൽ വെച്ച് നടത്തുന്നതാണ് സുരക്ഷിതം എന്നുമാണ് വിദഗ്ദ ഡോക്ടർമാരുടെ നിർദ്ദേശം.

ഭീമമായ ചികിത്സാച്ചെലവ് ആവശ്യമായതിനാൽ ഇതിരയും വലിയ തുക സമാഹരിക്കുക എന്നത് നിർധനനായ ബാബുവിനും കുടുംബത്തിനും കണ്ടെത്താൻ പ്രയാസമാണ്. കളിയും ചിരിയുമായി ഓടിനടക്കേണ്ട പ്രായത്തിൽ ആശുപത്രി വാസവും ചികിത്സയുമായി വേദനനിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ കുഞ്ഞുപൈതലിന്റെ ജീവൻ മനുഷ്യസ്നേഹികളായ നാട്ടുകാരുടെ കാരുണ്യത്തിലും കരുതലിലുമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് ധാർമിക്കിന്റെ ചികിത്സയ്ക്കായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചത്.


കെ.മുരളീധരൻ എം.പി, ടി.പി.രാമകൃഷ്ണൻ എം.എൽ.എ എന്നിവർ രക്ഷാധികാരികളായി കാനത്തിൽ ജമീല എം.എൽ.എയുടെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. കമ്മറ്റിക്കുവേണ്ടി യൂണിയൻ ബാങ്കിന്റെ കൊയിലാണ്ടി ശാഖയിൽ സേവിംഗ്സ് എക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. നാലരവയസുകാരൻ ധാർമ്മികിന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ നമുക്കും കെെകോർക്കാം.

ACCOUNT NUMBER

UNION BANK, KOYILANDY BRANCH

DHARMIK CHIKILSA SAHAYA COMMITTE, NADERI

A/C NO: 6111 0201 0010 923
IFSC CODE: UBIN 0561118

Summary: Naderi native four year old boy seek financial support for his treatment