തേങ്ങ ഉണ്ടോ വീട്ടിൽ, സംഭാവനയായി നൽകാം, നമ്മുടെ ധാർമിക്ക് മോന് വേണ്ടിയാണ്; ചികിത്സയ്ക്കായുള്ള പണത്തിനായി നാളികേരം വിറ്റും പണമൊരുക്കാൻ നടേരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി


കൊയിലാണ്ടി: ഒരു നാടിൻറെ മുഴുവൻ പ്രാർത്ഥനയാണ് ഇപ്പോൾ ധാർമ്മിക്ക്. ലുക്കീമിയ എന്ന രോഗത്തില്‍ നിന്നും ഈ നാലുവയസ്സുകാരനെ രക്ഷിക്കാനായി നാട്ടുകാരൊന്നിച്ചു പ്രവർത്തിക്കുകയാണ്. ചികിത്സ സഹായ കമ്മിറ്റിക്ക് കൈത്താങ്ങാവാൻ നടേരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും. നാളികേര ശേഖരണത്തിലൂടെയാണ് ധാര്‍മിക്കിനായി ഇവർ പണം കണ്ടെത്തുന്നത്.

നൂറിലധികം വീടുകളില്‍ നിന്ന് തേങ്ങ ശേഖരിച്ച് ലേലത്തിൽ വിൽക്കാനാണ് തീരുമാനം. അടുത്ത വെള്ളിയാഴചയാണ് ലേലം തീരുമാനിച്ചിരിക്കുന്നത്. അതില്‍ നിന്നും ലഭിക്കുന്ന പണം ധാര്‍മിക്കിന്റെ ചികിത്സക്കായി നല്‍കും. തങ്ങളാല്‍ ആവുന്നത് ചെയ്യാനുള്ള ശ്രമത്തിലാണ് നടേരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. ധാര്‍മ്മികിന്റെ കുഞ്ഞു ചിരി മായാതിരിക്കാനുള്ള പരിശ്രമത്തിലാണ് എല്ലാവരും.

രണ്ടരവര്‍ഷമായി തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ് ധാര്‍മിക്. ചികിത്സയുടെ ആദ്യഘട്ടത്തില്‍ രോഗം ഭേദം ആവുകയും ധാര്‍മിക് നഴ്‌സറി ക്ലാസില്‍ പഠനം തുടങ്ങുകയും ചെയ്തിരുന്നു. അതിനിടയിലാണ് ലുക്കിമിയ ധാര്‍മികിനെ വീണ്ടും പിടിമുറുക്കിയത്. ഇപ്പോള്‍ എം.സി.സി.യി ല്‍ ചികിത്സ തുടരുകയാണ്. മജ്ജ മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ വിദഗ്ധ ചികിത്സ നല്‍കിയാല്‍ മാത്രമേ ധാര്‍മ്മികിന്റെ ജീവന്‍ രക്ഷിക്കാനാവൂ.

കൊയിലാണ്ടി നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ ആയിരുന്ന നടേരി കാവുംവട്ടം പയര്‍വീട്ടില്‍ മീത്തല്‍ പി.എം. ബാബുവിന്റെ മകനാണ് ധാര്‍മിക്. 60 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ചിലവ് കണക്കാക്കുന്നത്.

summary: Naderi Branch Muslim Youth League Committee will sell coconuts to raise money for treatment