പദ്ധതിവിഹിതം കൈപ്പറ്റി, പ്രവര്‍ത്തനക്ഷമമായ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്റര്‍ നിലനിര്‍ത്തുന്നതില്‍ പരാജയം, തെരുവുനായ ശല്യം ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥയെന്ന് ആരോപിച്ച് പയ്യോളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി



പയ്യോളി: തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് പയ്യോളിക്കാര്‍. ജില്ലാപഞ്ചായത്ത് ഇതിനെതിരെ യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതില്‍ പയ്യോളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

സംസ്ഥാന സര്‍ക്കാര്‍ 2016-2017 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് വഴി മൃഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ നിര്‍ദേശിച്ച ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി, ജില്ലാ പഞ്ചായത്തിന് കാര്യക്ഷമമായി നടപ്പിലാക്കിയില്ല. ഇതുകൊണ്ടാണ് തെരുവുനായ ശല്യം രൂക്ഷമാകുന്ന സമയത്ത് അടിയന്തരമായ ഇടപെടലുകള്‍ നടത്താന്‍ സാദിക്കാത്തത് എന്നും പയ്യോളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

തെരുവ് നായ്ക്കളുടെ ക്രമാതീതമായ പെറ്റുപെരുകല്‍ തടയുന്നതിനായി ഉള്ള വന്ധീകരണ ശസ്ത്രക്രിയ, പേവിബാധ തടയുന്നതിനായുഉള്ള കുത്തിവെപ്പുകള്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്റര്‍ വഴി നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ജില്ലയിലെ മുന്‍സിപ്പാലിറ്റികളില്‍ നിന്നും പദ്ധതിവിഹിതം കൈപ്പറ്റിയിട്ടും, പ്രവര്‍ത്തനക്ഷമമായ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്റര്‍ നിലനിര്‍ത്തുന്നതില്‍ പരാജയം സംഭവിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

 

ജില്ലയിലെ ജില്ലാ പഞ്ചായത്തിന് കീഴില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തനക്ഷമമായ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്ററുകള്‍ നിലവിലില്ല. പ്രവര്‍ത്തന ക്ഷമമായിരുന്നത് തുടക്കത്തില്‍ തന്നെ അടച്ചു പൂട്ടിയ നിലയിലുമാണ്. ഗ്രാമപഞ്ചായത്തുകളിലോ മുനിസിപ്പാലിറ്റികളിലോ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് യാതൊരു നീക്കവും സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഇല്ലാത്തതുമാണ് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നത്.


സായാഹ്ന ധര്‍ണ്ണ ഡി.സി.സി ജനറല്‍ സെക്രട്ടറി മഠത്തില്‍ നാണുമാസ്റ്റര്‍ ഉദ്ഘടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിന്റ് സനൂപ് കോമത്ത് അധ്യക്ഷം വഹിച്ചു. ഇ.കെ.ശീതള്‍ രാജ്, മുജേഷ് ശാസ്ത്രി, അന്‍വര്‍ കായിരികണ്ടി, നിതിന്‍ പൂഴിയില്‍, മനോജ്.എന്‍.എം. അശ്വിന്‍.കെ.ടി, സൈഫുദ്ദീന്‍ ഗാന്ധിനഗര്‍ എന്നിവര്‍ സംസാരിച്ചു. സുദേവ്.എസ്.ഡി, രഞ്ജിത്ത്ലാല്‍ കൊളാവിപ്പാലം, ഷനില്‍ ഇരിങ്ങല്‍, സജീഷ് കോമത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

summary: Payyoli Youth Congress Committee conducting dharna against jilla panchayath